കൊല്ലം : വൃദ്ധരും രോഗബാധിതരുമായ കുടുംബത്തിന് അകെയുള്ള വരുമാനം സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മാത്രം. വീട്ടില്‍ ടി.വിയോ, ഗ്യാസ് സിലിണ്ടറോ ഇല്ല. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളാകട്ടെ 70 വയസിന് മുകളില്‍ പ്രായമുള്ളവരും. എന്നാല്‍ അധികൃതരുടെ കണ്ടെത്തലില്‍ ഇവര്‍ക്ക് കിട്ടിയതാകട്ടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത വെള്ള റേഷന്‍ കാര്‍ഡ്. അതും മാസവരുമാനം 96295 രൂപയെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലില്‍. പന്മന വടക്കുംതല മേക്ക് പുല്ലും പുറത്ത് കമലാക്ഷി (70) യ്ക്കാണ് ഇത് കാരണം ആറു മാസക്കാലമായി റേഷന്‍ സാധനങ്ങള്‍ കിട്ടാത്ത സ്ഥിതിയുള്ളത്. പരാതികള്‍ നല്‍കിയിട്ടും പരിഹാരമില്ലെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവ് സദാശിവന്‍ (74) കമലാക്ഷിയുടെ സഹോദരന്‍ സദാനന്ദന്‍ (76) എന്നിവരാണ് കാര്‍ഡിലെ മറ്റംഗങ്ങള്‍. എ.ആര്‍.ഡി.50 ാം നമ്പര്‍ റേഷന്‍ കടയിലെ ഗുണഭോക്താക്കളായ ഇവര്‍ കാലങ്ങളായി ബി.പി.എല്‍ കാര്‍ഡിനര്‍ഹരായിരുന്നവരാണ്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ക്ക് പറയപ്പെടുന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പോലും ഇല്ലാത്തവരായിട്ടും ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വിഭാഗത്തിന്റെ പട്ടികയിലാണ് ഈ കുടുംബം. നേരത്തെ 275 രൂപ മാസ വരുമാനമുള്ള കുടുംബത്തിനാകട്ടെ പുതിയ കാര്‍ഡില്‍ ഒരു ലക്ഷത്തിനടുത്താണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. കമലാക്ഷിക്കും സദാനന്ദനും കിട്ടുന്ന വാര്‍ദ്ധക്യകാല പെന്‍ഷനും, സദാശിവന് കിട്ടുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷനും മാത്രമുള്ള കുടുംബത്തിന് 96295 രൂപ വരുമാനം എങ്ങനെ വന്നു എന്നതിന്റെ അങ്കലാപ്പിലാണ് നിര്‍ദ്ദന കുടംബം. പരാതിയുമായി ജില്ലാ കളക്ടറെയും താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലന്ന് വീട്ടുകാര്‍ പറയുന്നു. നാമമാത്ര വരുമാനമുള്ളവരാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും സൗജന്യമായി കിട്ടേണ്ട ഭക്ഷ്യധാന്യങ്ങള്‍ വില നല്‍കി വാങ്ങേണ്ട ഗതികേടിലാണ് ഇവര്‍.