തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖ കരാറിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വ്യക്തമാക്കിയ സാഹചര്യത്തില്‍ കരാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ പദ്ധതി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോട് അനുബന്ധിച്ചുള്ള ബര്‍ത്ത് പൈലിങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഉപേക്ഷിക്കില്ലെന്നും അസന്നിഗ്ധമായി പറഞ്ഞു.
തുറമുഖ കരാറില്‍ അഴിമതിയുണ്ടെങ്കില്‍ പഴുതുകളടച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ല. പിഴവുകളുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. സംസ്ഥാനത്തിന്റെ വികസനത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം. ഇത് നടപ്പാക്കും. നിശ്ചയിച്ചിട്ടുള്ള കാലയളവില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ മുഖച്ഛായതന്നെ മാറും. തുറമുഖ നിര്‍മാണം പൂറത്തിയാകുന്നതോടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. നാടിനാകെ വികസനമുണ്ടാകുമ്പോള്‍ ചില ബുദ്ധിമുട്ടുകളുണ്ടാകാമെന്നും ഇത്തരം ബുദ്ധിമുട്ടുകളോട് വിഴിഞ്ഞം പ്രദേശവാസികള്‍ സഹിഷ്ണുതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് വ്യക്തമായ ഒരു പദ്ധതി തുടരുകയും അതുവഴി നമ്മുടെ തീരദേശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും കൂടുതല്‍ അപകടത്തിലാവുകയും ചെയ്യുന്ന രീതിയില്‍ ഈ പദ്ധതി മുന്നോട്ടുപോകാന്‍ അനുവദിച്ചുകൂടെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വി.എസ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെയെങ്കിലും പദ്ധതി നിര്‍ത്തിവെക്കണം. സി.എ.ജി ചൂണ്ടിക്കാണിച്ച കുഴപ്പങ്ങള്‍ പരിഹരിക്കത്തക്കവിധം തിരുത്തലുകള്‍ വരുത്തണം. ഇക്കാര്യത്തില്‍ നടക്കുന്ന ഏതൊരു അന്വേഷണവും ജനവഞ്ചന നടത്തി ഇത്തരമൊരു കരാറുണ്ടാക്കാന്‍ കൂട്ടുനിന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനാവണമെന്നും കത്തില്‍ പറയുന്നു.
വിഴിഞ്ഞം കരാറില്‍ സി.എ.ജി ചൂണ്ടിക്കാണിച്ച ഓരോ കുഴപ്പങ്ങളിലേക്കും നയിച്ച തീരുമാനങ്ങള്‍ക്ക് പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തുവരണം. കരാര്‍ രൂപീകരണ ഘട്ടത്തില്‍ മാത്രമല്ല, പദ്ധതി നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും നടന്ന ഇടപെടലുകളും അന്വേഷണപരിധിയില്‍ വരണം- വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.