X

നിലവിലുള്ള കംപ്യൂട്ടറും ലാപ്‌ടോപും ഐപാഡും പറ്റില്ല, പുതിയ ലാപ്‌ടോപ് വേണം; വീണ്ടും മന്ത്രിമാരുടെ ധൂര്‍ത്തടി

തിരുവനന്തപുരം: നിലവില്‍ മന്ത്രിമാര്‍ക്ക് ഡെസ്‌ക്ടോപ് കംപ്യൂട്ടര്‍, ലാപ്‌ടോപ്, ഐപാഡ്, സ്മാര്‍ട്‌ഫോണ്‍ എന്നിവയുള്‍പ്പെടെ ഉണ്ടായിട്ടും ചില മന്ത്രിമാര്‍ക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്‌ടോപ്പുകള്‍ക്ക് 14.42 ലക്ഷം രൂപ അനുവദിച്ചു. സര്‍ക്കാരിനു കൂടി ഓഹരിപങ്കാളിത്തമുള്ള കൊക്കോണിക്‌സില്‍ നിന്നു വിലക്കുറവുള്ള ലാപ്‌ടോപ്പുകള്‍ വാങ്ങാമെന്നിരിക്കെയാണ് ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തിന് 68,687 വിലയുള്ള ലാപ്‌ടോപ് വാങ്ങി ധൂര്‍ത്തടി.

കൊക്കോണിക്‌സിന്റെ ഐ3 പ്രോസസര്‍ ലാപ്‌ടോപ് സര്‍ക്കാരിന്റെ ഏകീകൃത വാങ്ങല്‍ പോര്‍ട്ടലായ സിപിആര്‍സിഎസില്‍ ഉണ്ടായിരുന്നെങ്കിലും കോക്കോണിക്‌സുമായി ആശയവിനിമയം നടത്തിയില്ല. 18,000 രൂപ വിലയുള്ള ഡ്യുവല്‍കോര്‍ പ്രോസസറുള്ള കംപ്യൂട്ടറില്‍ പോലും വിഡിയോ കോണ്‍ഫറന്‍സിങ് ഒന്നാന്തരമായി സാധ്യമാകുമെന്നിരിക്കെയാണ് എട്ടാം ജനറേഷന്‍ ഇന്റല്‍ ഐ5 പ്രോസസറുള്ള ലാപ്‌ടോപ് വാങ്ങാന്‍ അനുമതി .

നിലവിലുള്ള കംപ്യൂട്ടറുകള്‍ക്കു പുറമേ അതതു വകുപ്പുകള്‍ നല്‍കിയ ലാപ്‌ടോപ്പുകളും പല മന്ത്രിമാര്‍ക്കുമുണ്ട്. ചില മന്ത്രിമാര്‍ക്ക് മാത്രം സാങ്കേതിക തടസ്സമുള്ളപ്പോള്‍ എന്തിനാണ് എല്ലാവര്‍ക്കും പുതിയ ലാപ്‌ടോപ് നല്‍കുന്നതെന്ന ചോദ്യത്തിനും മറുപടിയില്ല.

Test User: