X
    Categories: MoreViews

കീഴാറ്റൂര്‍: തീരുമാനം കേന്ദ്രത്തിന് വിട്ട് കേരളം തടിയൂരുന്നു

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ കേന്ദ്ര സര്‍ക്കാറിനെ കൂട്ടുകക്ഷിയാക്കി തലയൂരാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. പാടം നിത്തുന്നതിനു പകരം മേല്‍പ്പാലം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഇതോടെ വയല്‍കിളി സമരത്തില്‍ നുഴഞ്ഞുകയറി അവകാശം തട്ടിയെടുക്കാന്‍ രംഗത്തെത്തിയ ബി.ജെ.പിയും പ്രതിക്കൂട്ടിലാകും. വയല്‍ നികത്തുന്നതിനു പകരം മേല്‍പ്പാലം എന്ന നിര്‍ദേശത്തേയും വയല്‍കിളി സമരക്കാര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറിന്റെ കത്തിനെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും കേന്ദ്രം വെട്ടിലാകും. മാത്രമല്ല, സി.പി.എമ്മിനൊപ്പം ബി.ജെ.പിയും കീഴാറ്റൂര്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കേണ്ടി വരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് ബി.ജെ.പിയെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിന് വഴിത്തിരിവുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ കരുനീക്കം. നെല്‍വയലിന് കുറുകെ മേല്‍പാതക്ക് അനുമതി തേടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും ദേശീയപാത അതോറിറ്റിക്കും കത്തയച്ചത്. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുമെന്ന നിലപാടില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നതിന്റെ സൂചനയായും മരാമത്ത് മന്ത്രിയുടെ നടപടി നോക്കിക്കാണുന്നുണ്ട്.
പാടശേഖരവും ജലവും സംരക്ഷിക്കുന്നതിന് മേല്‍പ്പാലം വേണമെന്ന ആവശ്യം സ്ഥലം എം.എല്‍.എ ജെയിംസ് മാത്യു നിയമസഭയില്‍ ഉന്നയിച്ചതായും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് താന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കീഴാറ്റൂരിലെ സമരത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് സുധാകരന്റെ നീക്കം. പാടം നികത്തി റോഡ് പണിയുന്നതിന് പകരം മേല്‍പാത എന്ന ആശയം നേരത്തെ തന്നെ ജെയിംസ് മാത്യു മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എലവേറ്റഡ് റോഡിന്റെ സാധ്യതകള്‍ ആരാഞ്ഞ് മന്ത്രി കത്തെഴുതിയത്. ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി മേല്‍പാതയാക്കിയാല്‍ വയല്‍ സംരക്ഷിക്കാമെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നുമാണ് മന്ത്രി കത്തില്‍ പറയുന്നത്. വയല്‍ക്കിളികളെ ‘വയല്‍ കഴുകന്മാര്‍’ എന്ന് വിളിച്ച് നിയമസഭയില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. അതേസമയം പ്രായോഗികതയാണ് സര്‍ക്കാരിന് മുന്നിലെ വിഷയമെന്നും അതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാതാ അതോറിറ്റിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലത്തില്‍ പന്ത് കേന്ദ്ര സര്‍ക്കാറിന്റെ തട്ടിലേക്ക് തട്ടിനീക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഇതിനിടെ വയല്‍ക്കിളികള്‍ ഇന്ന് നടത്തുന്ന ‘കേരളം കീഴാറ്റൂരിലേക്ക്’ പരിപാടിക്ക് പൊലീസ് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി. വയല്‍കിളികളുടെ പ്രതിഷേധ ജാഥ വയല്‍ കിളികളുടെ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും നുഴഞ്ഞുകയറി അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ പൊലീസുമായി സഹകരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: