സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിവാദത്തില്‍ വിശദീകരണവുമായി ഹൈബി ഈഡന്‍ എം.പി. എറണാകുളം തലസ്ഥാനമാക്കണമെന്ന ബില്ലിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി അസാധാരണമെന്ന് ഹൈബി ഈഡൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഫയൽ പുറത്തുനൽകി വിവാദം കൊഴുപ്പിച്ചത് സംസ്ഥാന പൊതുഭരണവകുപ്പാണ്. ബിൽ വിവാദമാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കുറിപ്പിൽ പറയുന്നു.
കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിന് പുറമെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ നിന്നും ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ പുറത്താവുകയുമുണ്ടായി. നിരവധി ക്രമക്കേടുകളാൽ മുഖം നഷ്ടപ്പെട്ട കേരള സർക്കാർ ഈ ബില്ലിനെ ഒരു വിവാദോപാധിയായി കണ്ട് വാദപ്രതിവാദങ്ങൾക്ക് തീ കൊളുത്തുകയായിരുന്നു. ഈ മുഖം മൂടിയണിഞ്ഞ് അധിക ദൂരം മുന്നോട്ട് പോകാൻ ഭരണ പാർട്ടിക്ക് കഴിയില്ല. ഭരണ പരാജയം മറയ്ക്കാൻ സാധ്യമാകുന്നിടത്തെല്ലാം അനാവശ്യ വിവാദങ്ങളെ വിത്തും വളവും നൽകി വളർത്തി വലുതാക്കുന്ന മോഡി- പിണറായി കൂട്ടുകെട്ട് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ല, ഇക്കാര്യം ഈ രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്നതിനാല്‍ നേരിട്ട് ബോധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബിൽ ലോക്സഭയിൽ സമർപ്പിച്ചത്. പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി നിർദേശം അനുസരിക്കാൻ ഒരു മടിയുമില്ല, കാരണം പാർട്ടി തന്നെയാണ് എനിക്ക് എല്ലാം. പാർട്ടി നിലപാടിനൊപ്പമാണ് എന്നും താന്‍ നില കൊണ്ടിട്ടുള്ളതെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.
ചർച്ച, ഭൂരിപക്ഷ പിന്തുണയുള്ള തീരുമാനം ഇതൊക്കെ നല്ലതും ജനാധിപത്യത്തിൻ്റെ സൗന്ദര്യവുമാണ്. ഇതോടൊപ്പം ജനവികാരവും ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളും നിയമ നിർമ്മാണ സഭകളിലെത്തിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടതുമുണ്ട്, അത് തന്നെയാണ് ഒരു ജനപ്രതിനിധിയുടെ പരമ പ്രധാനമായ കർത്തവ്യവും. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങൾക്ക് മുൻപും പാർലമെന്റ് സമ്മേളനങ്ങൾക്ക് മുൻപും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനതാല്പര്യം മനസിലാക്കാൻ തുടക്കം മുതലേ ഞാൻ ശ്രദ്ധിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അവരുടെ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ ഞാനുമായി പങ്കുവയ്ക്കാറുമുണ്ട്.
കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്വകാര്യ ബില്ലായി ഇക്കാര്യം ലോക്സഭയിൽ ഉന്നയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് ഞാൻ നോട്ടീസ് നൽകിയത്. വിരുദ്ധ താൽപ്പര്യങ്ങളും,വ്യത്യസ്ത അഭിപ്രായങ്ങളും ഇതിലും ഉണ്ടാകാം. വിയോജിക്കുന്ന സ്വരങ്ങളെ ഞാൻ അങ്ങേയറ്റം മാനിക്കുന്നു. എന്റെ സ്വരവും എന്നോട് വിയോജിക്കുന്ന അപരന്റെ സ്വരവും ഒരു പോലെ പ്രധാനമാണെന്ന ബോധ്യം എനിക്കുണ്ട്. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാർലമെന്റിന്റെ നടപടികൾ പ്രകാരമുള്ള തീരുമാനമാണ്.