തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ‘സ്വന്തം പാര്‍ട്ടിക്കാരായ’ ആയിരക്കണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ചു വകുപ്പുകളില്‍ നിന്നെത്തുന്ന ഫയലുകളെല്ലാം മന്ത്രിസഭയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല വകുപ്പു സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും എതിര്‍പ്പു മറികടന്നാണു സ്ഥിരപ്പെടുത്തല്‍ നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുന്നത്. ലക്ഷക്കണക്കിനു പേര്‍ പിഎസ്സി പരീക്ഷയെഴുതി ജോലിക്കു കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
മുഖ്യമന്ത്രിക്കു കീഴിലെ സിഡിറ്റില്‍ 114 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലില്‍ ഐടി സെക്രട്ടറി വിയോജനക്കുറിപ്പെഴുതി. അതു കണക്കിലെടുക്കാതെ, വിഷയം മന്ത്രിസഭയില്‍ വയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിസഭായോഗക്കുറിപ്പും തയാറായി. ഇതടക്കം ഒട്ടേറെപ്പേരെ ഇന്നോ അടുത്തയാഴ്ചയോ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സ്ഥിരപ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം.
കെല്‍ട്രോണിലും കിലയിലും സ്ഥിരപ്പെടുത്തലിനു കഴിഞ്ഞ മാസത്തെ മന്ത്രിസഭാ യോഗങ്ങള്‍ അംഗീകാരം നല്‍കിയിരുന്നു. സിഡിറ്റ്, തദ്ദേശ സ്ഥാപനങ്ങള്‍, വ്യവസായ വകുപ്പിനു കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍, സാംസ്‌കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടി കോര്‍പ് തുടങ്ങിയവയിലാണ് ഏറ്റവുമധികം സ്ഥിരപ്പെടുത്തലുകള്‍ നടക്കാന്‍ പോകുന്നത്.