X

സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത്; ഓണ്‍ലൈന്‍ പാചക മത്സരത്തിനായി ചിലവാക്കുന്നത് മൂന്നരക്കോടി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പാചക മത്സരത്തിനായി വീണ്ടും കോടികള്‍ ധൂര്‍ത്തടിച്ച് ഇടത് സര്‍ക്കാര്‍. ഓണ്‍ലൈന്‍ പാചക മത്സരത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് മൂന്നരക്കോടിയോളം രൂപയാണ്. കേരള ടൂറിസത്തെ സഞ്ചാരികള്‍ക്കിടയില്‍ സുപരിചിതമായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഓണ്‍ലൈന്‍ പാചക മത്സരത്തിനാണ് 3,32,80720 രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

കേരളത്തനിമയുള്ള വിഭവങ്ങളുടെ പാചക മത്സരം നടത്തുന്നതിനും അതില്‍ നിന്നുമുള്ള നൂറു വീഡിയോകള്‍ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കുന്നതിനും 4,41,44000രൂപയാണ് അദ്യം വകയിരുത്തിയത് എന്ന് ഉത്തരവില്‍ പറയുന്നു.പിന്നീട് ടൂറിസം ഡയറക്ടര്‍ സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പില്‍ അവതരിപ്പിച്ച പ്രൊപ്പോസലില്‍ നിന്ന് ഗൂഗിള്‍ ക്ലിക്ക് ക്യാമ്പയിന്‍ എന്ന ഘടകത്തിന് അനുവദിച്ച തുകയില്‍ കുറവ് വരുത്തിയാണ് മൂന്നര കോടിക്കടുത്ത് ചെലവഴിക്കാന്‍ തീരുമാനമായത്.

വീഡിയോ സബ്മിഷന്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്കായി 2 ലക്ഷം, ഗൂഗിള്‍ ക്ലിക്ക് ഇനത്തില്‍ ഒരു കോടി 94 ലക്ഷം, ജഡ്ജിങ്ങ് കമ്മിറ്റി 6 ലക്ഷം, കേരളത്തനിമയുള്ള സസ്യമാംസാഹാര വിഭവങ്ങളെ കുറിച്ച് വിവരിക്കുന്ന രണ്ട് ബുക്കുകള്‍ക്ക് 10 ലക്ഷം, മത്സരത്തില്‍ വിജയികളാകുന്ന പത്ത് കുടുംബങ്ങള്‍ക്ക് സമ്മാനമെന്ന നിലയിലുള്ള ടൂര്‍ പാക്കേജിന് എഴുപത് ലക്ഷം എന്നിങ്ങനെയാണ് ഇനം തിരിച്ച് ഉത്തരവില്‍ ചെലവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനു പുറമേ എല്ലാ ഇനത്തിനും വന്‍ തുക ജി.എസ്.ടിയായും നല്‍കുന്നു. വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ ചെലവ് ചുരുക്കണമെന്ന് ഈ മാസം 16 ന് ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനം അട്ടിമറിച്ചാണ് ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.

Test User: