X

വങ്കത്തരം കൊടുത്ത് ഇരന്നുവാങ്ങിയ അടി

‘എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന ഭാഷയാണ് നമ്മുടെ പിണറായിസര്‍ക്കാരിന് എല്ലാം കൊണ്ടും യോജിക്കുന്നതെന്നുതോന്നുന്നു. മുള്ളുകൊണ്ടെടുക്കാവുന്നത് തൂമ്പകൊണ്ടെടുക്കുകയാണ് ഓരോ നടപടിയിലൂടെയും സംസ്ഥാനത്തെ ഇടതുപക്ഷസര്‍ക്കാര്‍. സംസ്ഥാനപൊലീസ് മേധാവിയെ പുനര്‍നിയമിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതിയോട് വിധിയില്‍ വ്യക്തതതേടിചെന്ന സര്‍ക്കാര്‍ സ്വയം വടികൊടുത്ത് അടി വാങ്ങിയിരിക്കുന്നു. സി.പി.എം നേതാക്കളെ കൊലക്കേസില്‍ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായി എടുത്തുമാറ്റിയ സംസ്ഥാന പൊലീസ്‌മേധാവി ടി.പി സെന്‍കുമാറിന്റെ കസേര തിരിച്ചുകൊടുക്കാതിരിക്കാന്‍ കാട്ടിക്കൂട്ടിയ എല്ലാ വങ്കത്തരങ്ങളും സുപ്രീംകോടതിയുടെയും നീതിന്യായവ്യവസ്ഥയുടെയും സര്‍വോപരി ജനങ്ങളുടെയും മുന്നില്‍ പരിഹാസ്യമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ വിധി അനുസരിക്കാന്‍ സര്‍വഥാ ബാധ്യസ്ഥമായ ഭരണകൂടം മൗനംപാലിച്ചും അഴകൊഴമ്പന്‍ ന്യായവാദങ്ങള്‍ നിരത്തിയുമൊക്കെ ജനങ്ങളെയും നീതിപീഠത്തെയും പറ്റിക്കാന്‍ നോക്കിയതിനുള്ള ശിക്ഷയാണ് സുപ്രീകോടതിയുടെ ഇന്നലത്തെ വിധി. ഉത്തരവ് വന്ന് പതിനൊന്നാം ദിവസവും അത് നടപ്പാക്കാതെ താന്‍ പിടിച്ചമുയലിന് കൊമ്പ് മൂന്ന് എന്നും പറഞ്ഞിരുന്ന സര്‍ക്കാരിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുചെയ്യണമെന്നറിയാമെന്ന കോടതിയുടെ താക്കീത് കടുത്തനടപടിയിലേക്കാണ് കോടതി നീങ്ങുന്നതെന്നതിന്റെ സൂചനയാണ്.

സുപ്രീംകോടതിയുടെ വിധി രാജ്യത്ത് അന്തിമമാണെന്ന് അറിയാത്തവരാവില്ല കമ്യൂണിസ്റ്റുകാരും കേരളം ഭരിക്കുന്നവരും. 2017 ഏപ്രില്‍ 24ന് സുപ്രീംകോടതി സെന്‍കുമാറിന് അനുകൂലമായി പുറപ്പെടുവിച്ച വിധി അനുസരിക്കാതിരിക്കാന്‍ എന്തെല്ലാം കാട്ടിക്കൂട്ടലുകളാണ് ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയത്. ജനാധിപത്യത്തെയും നീതിവ്യവസ്ഥിതിയെയും നിയമത്തെയും കുറിച്ച് പെരുമ്പറ കൊട്ടാറുള്ളവര്‍ തങ്ങളുടെ അഹങ്കാരം തലയില്‍ നിന്ന് ഇറക്കിവെക്കുന്നത് നാണക്കേടാകുമെന്ന ദുരഭിമാനവുമായി ദിവസങ്ങളാണ് തള്ളിനീക്കിയത്. ഭരണത്തലവന്റെ അഭീഷ്ടത്തിനായി സുപ്രീംകോടതിയുടെ വിധിയെപോലും ധിക്കരിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ കാണിച്ചത്. കോടതിവിധി നടപ്പാക്കേണ്ടിവരുമെന്ന് അറിഞ്ഞിട്ടും ജനങ്ങളുടെ നികുതിപ്പണമെടുത്ത് വീണ്ടും കോടതിയില്‍ പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുള്ള കരണത്തടിയായിരുന്നു വ്യക്തത തേടിയുള്ള വിധി തള്ളിയതും ഇരുപത്തയ്യായിരം രൂപ കോടതിച്ചെലവിലേക്ക് കെട്ടിവെക്കാനുള്ള കല്‍പനയും. കോടതിയലക്ഷ്യക്കേസ് ചൊവ്വാഴ്ച എടുക്കാനിരിക്കുകയുമാണ്.
രണ്ടുമാസം മാത്രം സര്‍വീസ് ബാക്കിയുള്ള പൊലീസ് മേധാവിയെ തിരിച്ചുനിയമിക്കണമെന്ന വിധി വായിക്കുന്ന ഏത് കൊച്ചുകുട്ടിക്കും അത് നടപ്പാക്കുകയെന്നതല്ലാതെ ഒരുതരത്തിലുള്ള അവ്യക്തതക്കും അതിലിടമുണ്ടായിരുന്നില്ലെന്ന് മനസ്സിലാകും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശകവൃന്ദം കോടതിയിലേക്ക് പോകാനാണ് ഉപദേശിച്ചത് എന്നത് സര്‍ക്കാരിന്റെ പണം തങ്ങളുടെ ഇംഗിതത്തിനുവേണ്ടി ദുരുപയോഗിക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ഥത്തില്‍ പിഴത്തുക കെട്ടിവെക്കേണ്ടത് സര്‍ക്കാരിലെ ഇതിനുത്തരവാദിത്തപ്പെട്ട ആളുകളുടെ പോക്കറ്റില്‍ നിന്നാകണം.
2016 മെയ് 25ന് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പൊലീസ് മേധാവിയെ മാറ്റുന്നതിനുള്ള നടപടിയാണ് മുഖ്യമന്ത്രി ആദ്യംതന്നെ സ്വീകരിച്ചത്. സാധാരണഗതിയില്‍ ഏതുസര്‍ക്കാരും ചെയ്യാന്‍ മടിക്കുന്ന ഒന്ന്്. പ്രകാശ്‌സിംഗ് കേസില്‍ രണ്ടുവര്‍ഷത്തേക്കോ വിരമിക്കുന്നതുവരെയോ പൊലീസ്‌മേധാവിയെ തസ്തികയില്‍ തുടരാനനുവദിക്കണമെന്ന് നിര്‍ദേശമുണ്ടായിരിക്കെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഈ നടപടി. എന്നാല്‍ മുന്‍ഇടതുസര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന കേരളപൊലീസ് നിയമത്തിലെ വകുപ്പ് ദുരുപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് അനിഷ്ടകരമായി പ്രവര്‍ത്തിച്ചു എന്നു കുറ്റപ്പെടുത്തിയായിരുന്നു സെന്‍കുമാറിന്റെ സ്ഥാനമാറ്റം. ഇതിനായി പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയുടെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന ഫയലുണ്ടാക്കുകയായിരുന്നു ചീഫ്‌സെക്രട്ടറിയുടെ അറിവോടെ സര്‍ക്കാര്‍ . പകരം നിയമിക്കപ്പെട്ട ലോക്‌നാഥ് ബെഹ്്‌റയുടെ കീഴില്‍ സംസ്ഥാനത്ത് പൊലീസ് സേനയുടെ വീഴ്ചകളുടെ പരമ്പര തന്നെയായിരുന്നു കഴിഞ്ഞ പതിനൊന്നുമാസവും അരങ്ങേറിയത്. ഇക്കാര്യം മഹിജയെന്ന വീട്ടമ്മയെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ചൂണ്ടിക്കാട്ടി സുപ്രീംകോടതി തന്നെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
സാധാരണഗതിയില്‍ സര്‍ക്കാരുകള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ പകരം കിട്ടിയ പദവിയുമായി കഴിഞ്ഞുകൂടുക എന്ന നയമാകും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുക എന്നിരിക്കെ വൈരനിര്യാതനബുദ്ധിയോടെയുള്ള സര്‍ക്കാരിലെ ഉന്നതരുടെ പെരുമാറ്റം ടി.പി സെന്‍കുമാറിനെപോലെ മികച്ച ട്രാക്ക് റെക്കോര്‍ഡുളളയാള്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിലും കേരളഹൈക്കോടതിയിലും സെന്‍കുമാര്‍ നടത്തിയ നിയമനടപടികള്‍ പരാജയപ്പെട്ടത് മതിയായ ഫയലുകള്‍ ലഭിക്കാത്തതുമൂലമായിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രണ്ട് ഫയലുകള്‍ സ്ഥലം മാറ്റത്തിനുവേണ്ടി കൃത്രിമമായി എഴുതിയുണ്ടാക്കിയെന്ന് പിന്നീട് കണ്ടെത്തുകയും അവ സുപ്രീം കോടതിയിലെ അപ്പീലില്‍ ഹാജരാക്കുകയുമായിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൊട്ടിഘോഷിച്ച് നിയമിച്ച വിജിലന്‍സ് തലവന്‍ ഇപ്പോള്‍ നീണ്ട അവധിയിലാണ്. ഇദ്ദേഹത്തിന്റെ നടപടികള്‍ വ്യക്തിപരമാണെന്ന് ഹൈക്കോടതി പലതവണ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതടക്കം പലവിഷയത്തിലായി സര്‍ക്കാരിനെതിരെ ഒരു ഡസനോളം എതിര്‍വിധികളാണ് കോടതികളില്‍ നിന്ന് നേരിടേണ്ടിവന്നത്. പൊലീസിന് വീഴ്ച പറ്റിയെന്നു തുറന്നുസമ്മതിച്ച് അതിന് കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുക വഴി പദവിയുടെ അന്തസ്സ് കുറയ്ക്കുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മൂന്നാറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസിന്റെ സഹായത്തോടെ റവന്യൂവകുപ്പ് നടത്തിയ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി താനറിഞ്ഞില്ലെന്ന് പറഞ്ഞ് വിലപിച്ച ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സ്വന്തം കഴിവുകേടാണ് വെളിപ്പെടുത്തിയത്. കമ്യൂണിസം പോലുള്ളൊരു പാര്‍ട്ടിക്കുള്ളില്‍ അടിച്ചേല്‍പിക്കപ്പെടുന്ന ഏകാധിപത്യശൈലിയല്ല ജനാധിപത്യഭരണകൂടങ്ങളുടെ കാര്യത്തിലെന്ന് ആ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഓര്‍ക്കാതെ പോയതാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ. ഏകാധിപത്യശൈലിക്കും ഇടുങ്ങിയ കക്ഷിമാല്‍സര്യങ്ങള്‍ക്കും ഉപയോഗിക്കേണ്ടതല്ല ഭരണമെന്ന് വിളിച്ചുപറയുകയാണ് ഈ വിധി. മുസ്്‌ലിമെന്ന പേരില്‍ ഡി.ജി.പിയെ മാറ്റിയ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കൂടിയുള്ള താക്കീതാണിത്.

chandrika: