X

പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ സ്‌കൂള്‍ പ്രവേശനം ഇല്ല

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തില്ലെങ്കില്‍ ഇനി മുതല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കില്ല. സ്‌കൂളില്‍ പ്രവേശന സമയത്ത് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ സാക്ഷ്യപ്പെടുത്തിയ കാര്‍ഡ് ഹാജരാക്കിയില്ലെങ്കില്‍ പ്രവേശനം നല്‍കേണ്ടതില്ലെന്ന് ആരോഗ്യനയത്തില്‍ ശിപാര്‍ശ. ഇതിനായി നിയമം കൊണ്ടുവരണമെന്ന് നിര്‍ദേശിക്കുന്ന കരട് ആരോഗ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

രക്ഷകര്‍ത്താക്കളില്‍ ഭീതിയുളവാക്കാന്‍ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നയത്തില്‍ പറയുന്നു. വാക്സിനുകളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും. വാക്സിന്‍ ലഭ്യതയും അതിന്റെ ഗുണനിലവാരം, വാക്സിന്‍ സംബന്ധിച്ച പരാതികള്‍ പുതിയ വാകസിന്റെ സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി വാക്സിന്‍ നിരീക്ഷണ സമിതി രൂപീകരിക്കും.
പ്രതിരോധ കുത്തിവെപ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധിപ്പിക്കാനും നടപടി സ്വീകരിക്കും.

ആരോഗ്യ വകുപ്പ് വിഭജിച്ച് മേഡേണ്‍ മെഡിസിന്‍, ആയുഷ് എന്നീ രണ്ടു വകുപ്പുകളാക്കുമെന്നും നയത്തില്‍ പറയുന്നു. മേഡേണ്‍ മെഡിസിന്‍ വിഭാഗത്തില്‍ പൊതുജന ആരോഗ്യം, ക്ലീനിക്കല്‍ സര്‍വീസ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിങ്ങനെ തരം തിരിക്കും. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി എന്നിവ ആയുഷിന് കീഴിലാക്കും. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ഇവയുടെ പഠനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ആരോഗ്യ സര്‍വകലാശാലയില്‍നിന്ന് ഇവയെ വേര്‍പെടുത്തി ആയുഷ് സര്‍വകലാശാല സ്ഥാപിക്കും. അലോപ്പതിക്കൊപ്പം ആയുര്‍വേദ, ഹോമിയോ, യുനാനി ചികിത്സയും മരുന്നുകളും ഗ്രാമങ്ങളില്‍വരെ ഉറപ്പാക്കും.
മുഴുവന്‍ പൗരന്മാരുടെയും ആരോഗ്യവിവരങ്ങള്‍ താഴെത്തട്ട് മുതല്‍ ശേഖരിക്കും. ജനനം മുതല്‍ ഓരോ ഘട്ടത്തിലെയും ആരോഗ്യസ്ഥിതി വിവരങ്ങളാണ് സൂക്ഷിക്കുക.

വിവിധ ആരോഗ്യപദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇത് അടിസ്ഥാനവിവരമായി പരിഗണിക്കും. ചികിത്സ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാനെയും നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സി മാതൃകയില്‍ മെഡിക്കല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡും സ്ഥാപിക്കും. ജീവനക്കാരുടെ തലത്തിലുള്ള എല്ലാത്തരം അഴിമതിയും തടയും. ആസ്പത്രികളിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്ടീസ് നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും നയത്തില്‍ പറയുന്നു.

പ്ലാനിങ്ങ് ബോര്‍ഡംഗം ഡോ.ബി ഇക്ബാല്‍ അധ്യക്ഷനായും പ്രമുഖ ശാസ്ത്രജ്ഞനും കോഴിക്കോട് മള്‍ട്ടി ഡിസ്പ്ലനറി റിസര്‍ച്ച് യൂണിറ്റിലെ ഡോ.കെ.പി അരവിന്ദന്‍ കണ്‍വീനറുമായുമുള്ള 17 അംഗ സമിതിയാണ് ആരോഗ്യ നയം തയ്യാറാക്കിയത്. ആരോഗ്യ നയത്തില്‍ ഇന്നു മുതല്‍ പൊതു ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. അടുത്ത മന്ത്രിസഭാ യോഗം നയം അംഗീകരിച്ച് വിജ്ഞാപനം ഇറക്കും.

കരട് രേഖയുടെ പൂര്‍ണ രൂപം

പ്രാഥമികാരോഗ്യകേന്ദ്രം

ഓരോ പഞ്ചായത്തിലും ഒരു പ്രാഥമികാരോഗ്യകേന്ദ്രം
ഔട്ട് പേഷ്യന്റ് ക്ലിനിക്ക്
ലഘു ശസ്ത്രക്രിയ നടത്തല്‍
പ്രസവസംബന്ധമായ സേവനങ്ങള്‍
അടിസ്ഥാന ഫാര്‍മസി
അടിസ്ഥാന ലാബ് സൗകര്യം
ആരോഗ്യ വിവര ശേഖരണ സംവിധാനം.
ആരോഗ്യ വിദ്യാഭ്യാസ സംവിധാനം.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന കുടുംബാംഗങ്ങളുടെ ആരോഗ്യവിവര ശേഖരണത്തിനായി സമഗ്രമായ ഇഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതാണ്.

നഗരങ്ങളിലെ പൊതുജനാരോഗ്യം

അടുത്ത കാലങ്ങളിലായി നഗരങ്ങളില്‍ പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനായി ദൈനംദിന പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ (ആരോഗ്യം) കീഴിലാക്കും.

ത്രിതല ചികിത്സാകേന്ദ്രങ്ങള്‍

ചികിത്സാ കേന്ദ്രങ്ങള്‍ മൂന്ന് തലങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ നയരേഖയിലുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങളായിരിക്കും. എല്ലാ താലൂക്ക് ആശുപത്രികളും പൊതുവില്‍ ജില്ലാജനറല്‍ ആശുപത്രികളും ദ്വിതല ചികിത്സാ കേന്ദ്രങ്ങളായിരിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളും ത്രിതല ആശുപത്രികള്‍ ആയിരിക്കും. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് സമാനമായി ലഭ്യമായിട്ടുള്ള ജില്ലാ ആശുപത്രികളും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളിലെ എറ്റവു മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ജനറല്‍ ആശുപത്രിയോ താലൂക്ക് ആശുപത്രിയോ കൂടി ത്രിതല ആശുപത്രി സംവിധാനത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിടുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ആയിരിക്കും മറ്റ് ത്രിതല ചികിത്സാകേന്ദ്രങ്ങള്‍. എല്ലാ സ്‌പെഷ്യാലിറ്റിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുമുള്ള അവ കര്‍ശനമായും റഫറല്‍ ആശുപത്രികള്‍ തന്നെയായാക്കും. മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നതിനുളള വ്യക്തമായ മാനദണ്ഡങ്ങളും നടപടിക്രമവും ഉണ്ടാക്കും.

കാഷ്വാലിറ്റി വിഭാഗത്തെ അപകട രോഗ ചികില്‍സയ്ക്ക് പ്രാമുഖ്യം നല്‍കി അടിമുടി നവീകരിക്കും. അവിടത്തെ സൗകര്യങ്ങളുടെയും ലാബുകളുടെയും നിലവാരം ഉയര്‍ത്തും. എന്നുമാത്രമല്ല, ആ വിഭാഗത്തെ നയിക്കുന്നത് ഒരു സമ്പൂര്‍ണ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗമായിരിക്കും.

ആയുര്‍വേദ ഡിസ്‌പെന്‍സറികളും ആശുപത്രികളും, ഹോമിയോപ്പതി ഡിസ്‌പെന്‍സിറികളും ആശുപത്രികളും, ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നയരേഖയിലുണ്ട്.

ആരോഗ്യവകുപ്പിനെ മോഡേണ്‍ മെഡിസിന്‍, ആയുഷ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചു. മോഡേണ്‍ മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് , ഡയറക്ടറേറ്റ് ഓഫ് ക്ലിനിക്കല്‍ സര്‍വീസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ മൂന്ന് ഡയറക്ടറേറ്റുകള്‍ ഉണ്ടാവും .

സ്വകാര്യമേഖലയും നിയന്ത്രണ സംവിധാനങ്ങളും

സ്വകാര്യ ആശുപത്രികളേയും ക്ലിനിക്കുകളേയും നിയന്ത്രിക്കുന്നതിനും മിനിമം നിലവാരം ഉറപ്പാക്കാനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രാബല്യത്തിലായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ മതിയായ യോഗ്യതയുള്ള നഴ്‌സുമാരെയും ടെക്ക്‌നിഷ്യന്മാരെയും ഫാര്‍മസിസ്റ്റുകളെയും മാത്രമേ നിയമിക്കാവൂ. എല്ലാവക്കും മിനിമം വേതനം കര്‍ശനമായി നടപ്പാക്കുകയും അത് സുതാര്യമായിരിക്കയും വേണം. അവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള നിയമനം ഉറപ്പു വരുത്തണം. സംസ്ഥാന ആരോഗ്യ അധികൃതര്‍ ആവശ്യപ്പെടുന്ന ഏത് അത്യാവശ്യവിവരവും നല്‍കാന്‍ എല്ലാ സ്വകാര്യ ആശുപത്രികളേയും ബാധ്യസ്ഥമാക്കും.

അടുത്ത 25 വര്‍ഷത്തേക്ക് ആരോഗ്യരംഗത്ത് വേണ്ടിവരുന്ന മാനവവിഭവശേഷി

അടുത്ത 25 വര്‍ഷത്തേയ്ക്ക് ആരോഗ്യരംഗത്ത് എത്രമാത്രം മാനവവിഭവശേഷി വേണ്ടിവരുമെന്നതിനെപ്പറ്റി ഒരു കണക്കെടുക്കുകയും ആ ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി ഒരു രൂപരേഖ തയ്യാറാക്കുന്നതാണ്

വൈദ്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍

ആരോഗ്യരംഗത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമുറപ്പാക്കുന്നതിന് മുന്തിയ പരിഗണന നല്‍കും. വേണ്ടത്ര ഫാക്കല്‍റ്റിയോ ആശുപത്രിയില്‍ വേണ്ടത്ര രോഗികളോ ഇല്ലാത്ത മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ സര്‍വ്വകലാശാലയും എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരും പിന്‍വലിക്കുന്നതാണ്.

അഴിമതി തടയല്‍

ജീവനക്കാരുടെ തലത്തിലുള്ള എല്ലാത്തരം അഴിമതിയും തടയുന്നതാണ്. ആശുപത്രികളിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാരുടെ നിലവിലുള്ള െ്രെപവറ്റ് പ്രാക്ടീസ് നിരോധനം കര്‍ശനമായി നടപ്പാക്കും.

മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തന സ്വയംഭരണം

സങ്കീര്‍ണ്ണമായ ഭരണനടപടിക്രമങ്ങളും വളരെക്കുറച്ച് ഭരണപരമായ സ്വാതന്ത്ര്യവും മൂലം പ്രിന്‍സിപ്പല്‍മാര്‍ക്കും ആശുപത്രി സൂപ്രണ്ടുമാര്‍ക്കും മെഡിക്കല്‍ കോളേജ് ഭരണം കാര്യക്ഷമമായും ഫലപ്രദമായും നടത്താന്‍ കഴിയുന്നില്ല. ഇതിന് പരിഹാരമായി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കും പ്രവര്‍ത്തന സ്വയംഭരണം നല്‍കുന്നതാണ്.

പുതിയ കോഴ്‌സുകളും സീറ്റ് വര്‍ധനയും

പി ജി കോഴ്‌സുകളുടെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകളുടെയും സീറ്റിന്റെ എണ്ണം മാനവവിഭവശേഷിയുടെ ആവശ്യകതക്കും ലഭ്യതയ്ക്കുമനുസൃതമായി തീരുമാനിക്കുന്നതാണ്. എമര്‍ജന്‍സി മെഡിസിന്‍, ജെറിയാട്രിക്‌സ്, ഫാമിലി മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍, സ്‌പോര്‍ട്ട്‌സ് മെഡിസിന്‍, ക്ലിനിക്കല്‍ എംബ്രിയോളജി, റേഡിയേഷന്‍ ഫിസിക്‌സ്, ജെനറ്റിക്‌സ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങും. ക്രെഡിറ്റ് അധിഷ്ഠിത ഹ്രസ്വകാല ക്ലിനിക്കല്‍, സര്‍ജിക്കല്‍ നൈപുണ്യാധിഷ്ഠിത കോഴ്‌സുകളും തുടങ്ങും.

നഴ്‌സിംഗ് വിദ്യാഭ്യാസം

മെഡിക്കല്‍ കോളേജുകള്‍ക്കെന്നപോലെ നഴ്‌സിംഗ് കോളേജുകള്‍ക്കും പ്രവര്‍ത്തന സ്വയംഭരണം അനുവദിക്കും. എല്ലാ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലും ഡിഗ്രി, പിജി തലങ്ങളില്‍ സൈക്യാട്രി ഉള്‍പ്പെടെയുള്ള സ്‌പെഷ്യലൈസേഷനുകളില്‍ വകുപ്പുവിഭജനം അനുവദിക്കും. നഴ്‌സിംഗില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും തുടങ്ങും.

ഫാര്‍മസി വിദ്യാഭ്യാസം

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഫാര്‍മസി കോളേജുകള്‍ സ്ഥാപിക്കും. പി ജി ഡിപ്ലോമ, ഫാം ഡി, എം ഫാം എന്നിവയ്ക്കുപുറമേ പിഎച്ച്.ഡിയും ആരംഭിക്കും.

രോഗനിര്‍ണയ സേവനങ്ങള്‍, മരുന്നുകള്‍, ഉപകരണങ്ങള്‍

എല്ലാ ക്ലിനിക്കല്‍ ലാബറട്ടറികള്‍ക്കും ഇമേജിംഗ് കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷനും, നല്‍കുന്ന സേവനത്തിനനുസൃതമായ ഗ്രേഡിംഗും നിര്‍ബന്ധമാക്കും. ഈമേഖലയുടെ മേല്‍നോട്ടത്തിനും ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ഒരു ക്ലിനിക്കല്‍ ഡയഗ്‌ണോസ്റ്റിക് ടെക്‌നോളജി കൗണ്‍സില്‍ രൂപീകരിക്കും.

സുസജ്ജമായ പബ്ലിക്ക് ഹെല്‍ത്ത് ലാബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും. കേരളത്തിലുള്ള ഗവേഷണ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഒരു ആധുനിക ഔഷധ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.മരുന്നുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ വേണ്ടി പേറ്റന്റുള്ള ഉത്പന്നങ്ങള്‍ പൊതു മേഖലാ സ്ഥാപനങ്ങളിലൂടെ ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യാന്‍ ഇന്ത്യന്‍ പേറ്റന്റ് ആക്ടിലെ നടപടികള്‍ പാലിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതാണ്.

സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മേഖല

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍, ആദിവാസികള്‍, ട്രാന്‍സ്‌ജെന്ററുകള്‍, വയോജനങ്ങള്‍ തുടങ്ങിയവരുടെ മേഖലകളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. പ്രതിരോധ കുത്തിവയ്പ്പിനെതിരെയുള്ള പ്രചാരണത്തെ ഫലപ്രദമായി തടയാനും നേരിടാനും ശാസ്ത്രീയത ജനങ്ങളെ ബോധിപ്പിക്കാനും ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിക്കും. രക്ഷകര്‍ത്താക്കളില്‍ ഭീതിയുളവാക്കാന്‍ വേണ്ടി കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാതൃമരണം കുറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഇത് കുറക്കേണ്ടതായിട്ടുണ്ട്. മരണമടയുന്നവരില്‍ മരണകാരണം കണ്ടെത്തുന്നതിനായി സര്‍വേ നടത്തി ഉചിതമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കും.

വൃദ്ധരുടെ ആരോഗ്യ പ്രശ്‌നങ്ങളുടെ സങ്കീര്‍ണത കണക്കിലെടുത്ത് ഒരു സമഗ്ര വൃദ്ധാരോഗ്യ സംരക്ഷണ പരിപാടി ആസൂത്രണം ചെയ്യുന്നതാണ്.

ആദിവാസികളുടെ സവിശേഷ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സമഗ്ര പദ്ധതികള്‍ നയരേഖയിലുണ്ട്.

അംഗപരിമിതിയും പുനരധിവാസം, ട്രാന്‍സ്ജന്ററുകളുടെ ആരോഗ്യാവശ്യങ്ങള്‍, പോഷണ വൈകല്യങ്ങള്‍, പരിസ്ഥിതി ജന്യരോഗങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍, കാന്‍സര്‍, മാനസിക ആരോഗ്യം, ദന്താരോഗ്യം, തൊഴില്‍ ആരോഗ്യം, പാലിയേറ്റീവ് കെയര്‍, പുകയില, മദ്യപാനം, മയക്കുമരുന്നുപയോഗം, ബയോമെഡിക്കല്‍ മാലിന്യം, മെഡിക്കോ ലീഗല്‍ സേവനങ്ങള്‍ എന്നിവ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന മേഖലയായി പരിഗണിക്കും.

ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം

കേരളത്തിലേക്ക് കുടിയേറിയിരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം 29 ലക്ഷം കവിഞ്ഞു. ഈ നിലയ്ക്ക്, അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്താനും ആരോഗ്യം സംരക്ഷിക്കാനും പദ്ധതിയുണ്ട്.

അടിയന്തര സേവനങ്ങള്‍, ട്രോമ കെയര്‍

നിലവിലുള്ള ആരോഗ്യ, അപകട ശുശ്രൂഷ (ട്രോമ കെയര്‍) സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്ന തരത്തില്‍ അടിയന്തര സേവന സംവിധാനം സംഘടിപ്പിക്കും. ഇതില്‍ പൗരന്‍മാരേയും പങ്കാളിയാക്കി അപകട സ്ഥലത്തെ ശുശ്രൂക്ഷയെപ്പറ്റി പരിശീലനം നല്‍കും. ശരിയായ പരിശീലനം ലഭിച്ചവരെ ഉള്‍ക്കൊള്ളുന്ന ആംബുലന്‍സ് ശൃംഖലകള്‍ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ക്ക് ചുറ്റും വിന്യസിപ്പിക്കും. ദേശീയസംസ്ഥാന പാതകളില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് പൊതുമേഖലയും സഹകരണ മേഖലയും സ്വകാര്യമേഖലയും ഉള്‍പ്പെടുത്തി പ്രാഥമിക അപകട പരിചരണ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. ദ്വിതീയവും തൃതീയവുമായ സമഗ്ര അപകട ചികിത്സാ കേന്ദ്രങ്ങളായി ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവയെ വികസിപ്പിക്കുന്നതാണ്.

അവയവമാറ്റം

ഇന്നത്തെ മൃതസഞ്ജീവനി പദ്ധതി കുറെക്കൂടി ചിട്ടപ്പെടുത്തി ശക്തിപ്പെടുത്തും. അവയവം മാറ്റിവയ്ക്കുന്നതിനായി കാത്തിരിക്കുന്നവരുടെ പട്ടികപ്രകാരം യഥാസമയം ലഭ്യമാക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കും. മസ്തിഷ്‌ക മരണം യഥാസമയം രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കുള്ള സംവിധാനം കാര്യക്ഷമമാക്കും. ഇന്ന് അവയവമാറ്റം നടത്തുന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി എല്ലാ മെഡിക്കല്‍ കോളേജുകളിലും ഈ സൗകര്യം ലഭ്യമാക്കും. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം ജീവിതകാലം മുഴുവന്‍ വേണ്ടിവരുന്ന ചെലവേറിയ മരുന്നുകള്‍ കുറഞ്ഞ വിലക്ക് രോഗികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും

കേരളത്തില്‍ കാണുന്ന രോഗങ്ങള്‍ക്ക് യുക്തിസഹവും കാര്യക്ഷമവും ചെലവ്കുറഞ്ഞതുമായ ചികിത്സയും ഔഷധനിര്‍ദ്ദേശവും നല്‍കുന്നതില്‍ വ്യക്തമായ ചികിത്സാ മാനദണ്ഡങ്ങളും നിര്‍ദ്ദേശകതത്ത്വങ്ങളും തയ്യാറാക്കേണ്ടതുണ്ട്. പ്രൊഫഷണല്‍ സംഘടനകളും വിവധ രംഗങ്ങളിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തെളിവടിസ്ഥാന ചികിത്സാ രീതിയുടെ അടിസ്ഥാനത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ് ലൈന്‍ തയ്യാറാക്കുന്നതാണ്. സ്വകാര്യ ആശുപത്രികളിലുള്ള ഡോക്ടര്‍മാരും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. എല്ലാ മരുന്ന് നിര്‍ദ്ദേശങ്ങളിലും മരുന്നിന്റെ ജനറിക് നാമം കൂടി രേഖപ്പെടുത്തണം. മരുന്ന് നിര്‍ദ്ദേശങ്ങളുടെ ഓഡിറ്റും കാലാകാലങ്ങളില്‍ നടത്തും.

പൊതുജനാരോഗ്യ നിയമങ്ങള്‍

സംസ്ഥാനത്ത് പാരിസ്ഥിതികവും ജീവിതശൈലീപരവും മറ്റുമായി ഇന്നുള്ള എല്ലാ പ്രശ്‌നങ്ങളും കൂടി കണക്കിലെടുക്കുന്ന ഒരു പുതിയ ‘കേരള പൊതുജന ആരോഗ്യ നിയമം’ കൊണ്ടുവരാനുളള നിയമനിര്‍മാണനടപടികള്‍ സ്വീകരിക്കുന്നതാണ്.

ആരോഗ്യ ഇന്‍ഫര്‍മേഷന്‍ സംവിധാനം

എല്ലാ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടും രോഗികളുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടും ആരോഗ്യ ഇന്‍ഫര്‍മേഷന്‍ സംവിധാനം സംഘടിപ്പിക്കുന്നതാണ്.

ആരോഗ്യ ഗവേഷണം

കേരളം ആരോഗ്യ സൂചികകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ ഗവേഷണത്തിന്റെയും ഗവേഷണ ഫലങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന്റെയും കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിന്നിലാണ്. അതിനാല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ സത്വര നടപടി സ്വീകരിക്കണം.

chandrika: