തിരുവനന്തപുരം: 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിന് സര്‍ക്കാരിന്റെ അംഗീകാരം. ചാമ്പ്യന്മാരായ ടീമിലെ 20 താരങ്ങള്‍ക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്‍, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. കൂടാതെ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ കേരള ടീമിലെ 12 കളിക്കാര്‍ക്കും പരിശീലകനും ഒന്നര ലക്ഷം രൂപ വീതം നല്‍കാനും യോഗതീരുമാനമുണ്ടായി. കോഴിക്കോട് വച്ച് നടന്ന ദേശീയ സീനിയര്‍ വോളിയില്‍ കരുത്തരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്.
ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ കേരള ടീമിന്റെ മാനേജര്‍ക്കും അസിസ്റ്റന്റ് കോച്ചിനും ഒരു ലക്ഷം രൂപ വീതം നല്‍കും. ടീമിലെ സി.കെ.രതീഷിനു കിന്‍ഫ്രയില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചു കോഴിക്കോട് ജില്ലയില്‍ നിയമനം നല്‍കും.
സന്തോഷ് ട്രോഫി നേടിയ ടീമിലെ കളിക്കാരായ മുഹമ്മദ് ഷെറീഫ്, ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്, കെ.പി.രാഹുല്‍, വി.എസ്.ശ്രീക്കുട്ടന്‍, എം.എസ്. ജിതിന്‍, ജി.ജിതിന്‍, ബി.എല്‍.ഷംനാസ്, സജിത് പൗലോസ്, വി.കെ.അഫ്ദല്‍, പി.സി.അനുരാഗ് എന്നീ കളിക്കാര്‍ക്കാണ് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച സര്‍ക്കാര്‍ ജോലി നല്‍കുക.
സന്തോഷ് ട്രോഫി കളിക്കാരില്‍ സ്വന്തമായി വീടില്ലാത്ത മുന്നേറ്റതാരം കെ.പി രാഹുലിന് (പീലിക്കോട് കാസര്‍കോട്) വീട് നിര്‍മ്മിച്ചു നല്‍കാനും തീരുമാനിച്ചു.