X

അഴിമതി മറയ്ക്കാന്‍ സര്‍ക്കാരിന്റെ പി.ആര്‍ ക്യാമ്പയിന്‍; പ്രചാരണം സെലിബ്രിറ്റികളെ ഉപയോഗിച്ച്

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഇടത് സര്‍ക്കാര്‍, ഭരണ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, ഖജനാവ് ചോര്‍ത്തി നടത്തുന്നത് കോടികള്‍ ചെലഴിച്ചുള്ള പി.ആര്‍ ക്യാമ്പയിന്‍. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനെന്ന പേരില്‍ 450 ലക്ഷം രൂപയാണ് സപെഷ്യല്‍ പി.ആര്‍ ക്യാമ്പയിന്‍ ഇനത്തില്‍ പദ്ധതി വിഹിതമായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. നിലവില്‍ ദിവസവും മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ ചെലവ് കൂടാതെയാണിത്. ഇതില്‍ 3.50 കോടി രൂപ ഇതിനകം ചെലവഴിച്ചു. കഴിഞ്ഞ ദിവസം 72.72 ലക്ഷം രൂപ ചെലവഴിക്കാന്‍ കൂടി അനുമതി നല്‍കി. സെലിബ്രിറ്റികളുടെ ടെസ്റ്റിമോണിയല്‍ വീഡിയോകള്‍, ക്രിയേറ്റീവ് ആനിമേഷന്‍ പോസ്റ്ററുകള്‍ തുടങ്ങിയവയ്ക്കാണ് ഇത്രയും തുക ചെലവഴിക്കുക.

പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുകയും ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന സര്‍ക്കാര്‍, കറപ്ഷന്‍ ഫ്രീ കേരള, സത്യമേവ ജയതേ എന്ന പേരിലും ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്നതാണ് രസകരം. അഴിമതി രഹിത ക്യാമ്പയിന് 3.68 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം രൂപ സെലിബ്രിറ്റികളുടെ ചെലവാണ്. സര്‍ക്കാര്‍ ഏജന്‍സികളെ നോക്കുകുത്തിയാക്കി, കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ് എന്ന സ്വകാര്യ ഏജന്‍സിക്കാണ് സെലിബ്രിറ്റി ടെസ്റ്റിമോണിയല്‍ വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണത്തിന് കരാര്‍ നല്‍കിയിരിക്കുന്നത്. ഒരു വീഡിയോയ്ക്ക് ചെലവ് 1.5 ലക്ഷം. ഇത്തരത്തില്‍ പത്തു വീഡിയോകള്‍ നിര്‍മിക്കാന്‍ നല്‍കുന്നത് 17.85 ലക്ഷം.

ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള പത്ത് വീഡിയോകള്‍ നിര്‍മിക്കാന്‍ പത്തു ലക്ഷം രൂപ വേറെയും വകയിരുത്തിയിട്ടുണ്ട്. 2 ആനിമേഷന്‍ വീഡിയോയ്ക്ക് 1.20 ലക്ഷം, 5 പോസ്റ്ററുകള്‍ നിര്‍മിക്കാന്‍ ഇരുപതിനായിരം രൂപ എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റു ചില പി.ആര്‍ വര്‍ക്കുകള്‍ക്ക് ഉള്‍പ്പെടെ ഈ സ്വകാര്യ ഏജന്‍സിക്കായി 46.46 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതുസംബന്ധിച്ച് വര്‍ക്കിങ് ഗ്രൂപ്പ് നല്‍കിയ പ്രൊപ്പോസല്‍ അതേപടി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

മുമ്പും ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ് എന്ന കമ്പനിക്ക് സര്‍ക്കാര്‍ വിവിധ കരാറുകള്‍ നല്‍കുകയും വിവാദത്തിലാവുകയും ചെയ്തിരുന്നു. കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും മകന്‍ അടക്കം ഇടത് സഹയാത്രികര്‍ പാര്‍ട്ണര്‍മാരായ കമ്പനിയാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ വിവിധ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും ഈ കമ്പനി പ്രചാരണം നടത്തിയിരുന്നു. ലോക കേരളസഭയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായി 6.93 ലക്ഷം രൂപയാണ് ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്.

ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി ഒരു മാസം പ്രചാരണം നടത്തിയതിന് 42.47 ലക്ഷം രൂപ ഇവര്‍ക്ക് അനുവദിച്ചതും വിവാദമായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ ക്യാമ്പയിന് ഇത്തവണ സിഡിറ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനുള്ള ചിത്രങ്ങളോടു കൂടിയ ഒരു പോസ്റ്ററിന് അയ്യായിരം രൂപയാണ് സിഡിറ്റിന് നല്‍കുന്നത്. ആകെ 25 പോസ്റ്ററുകളാണ് ഇത്തരത്തില്‍ നിര്‍മിക്കുന്നത്. 15 മോഷന്‍ പോസ്റ്ററുകള്‍ക്ക് 82,500 രൂപയും 220 ക്രിയേറ്റീവ് പോസ്റ്ററുകള്‍ക്ക് 7.70 ലക്ഷം രൂപയും സിഡിറ്റിന് അനുവദിച്ചിട്ടുണ്ട്.

 

Test User: