തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്.
ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി നിരോധിച്ചതെന്നാണ് പൊതുവിലയിരുത്തല്‍. നിയമസാധുത നല്‍കിയാല്‍ ഇക്കാര്യത്തില്‍ നിയമപരമായി എതിര്‍ക്കാന്‍ കഴിയില്ല. നിയമനിര്‍മാണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ഇത്തരം നിയമം നിലവിലുണ്ടോയെന്ന് നിയമവകുപ്പ് പരിശോധന തുടങ്ങി. കലാലയങ്ങളിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ കരടുതയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന കരടിന്റെ അടിസ്ഥാനത്തില്‍ നിയമവകുപ്പ് പരിശോധന നടത്തും.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ക്യാമ്പസുകളിലെ അക്രമം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും നിയമ നിര്‍മാണത്തില്‍ ഉണ്ടാകണമെന്ന ആവശ്യവും പൊതുവിഭാഗത്തില്‍ ശക്തമാണ്. 18 വയസിന് മുകളില്‍ വോട്ടവകാശമുള്ളവര്‍ക്ക് സംഘടനാ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ആലോചനയെന്ന് നിയമ വകുപ്പ് അധികൃതര്‍ പറയുന്നു. ജനുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മാണം കൊണ്ടുവരാനാണ് ആലോചന. നിയമ നിര്‍മാണം കൊണ്ടു വരണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അഭിപ്രായം ഉന്നയിച്ചിരുന്നു. സ്പീക്കറുടെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുന്നത്.
ഇതിനിടെ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരേ അപ്പീല്‍ നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലാണ്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. അരാഷ്ട്രീയ ക്യാമ്പസുകളില്‍ ലഹരി മാഫിയയും വര്‍ഗീയ സംഘങ്ങളും ക്രിമിനലുകളും താവളമാക്കുമെന്നാണ് സി.പി.എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ ഭൂരിഭാഗം രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയോഗവും ഹൈക്കോടതി വിധിയില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അരാഷ്ട്രീയ ക്യാമ്പസുകളില്‍ വര്‍ഗീയ ശക്തികള്‍ അടക്കം പിടിമുറുക്കുന്നതിലെ അപകടം കോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നായിരുന്നു കെ.പി.സി.സിയുടെ ആവശ്യം.