X

കാല്‍പന്ത് കളിയാരവമൊഴിഞ്ഞു; ഇറങ്ങാം, ഇനി രാഷ്ട്രീയമൈതാനത്തേക്ക് വീണ്ടും !

കെ.പി ജലീല്‍

ഖത്തറിലെ കാല്‍പന്ത് കളിയാരവത്തിന് വിട.  ഇനി പതിവുപോലെ ആ ആവേശമാകെ രാഷ്ട്രീയത്തിലേക്ക് ആവാഹിക്കാം !  കഴിഞ്ഞ ഒരുമാസത്തിലധികമായി മലയാളിയുടെ ചുണ്ടും മനസ്സും ഖത്തറിലായിരുന്നു. അവിടെ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മേളയിലായിരുന്നു മനം മുഴുവന്‍. കളിയറിയാത്തവര്‍പോലും ഇതെന്താണെന്ന് ചോദിച്ച് ഇടക്ക് ടിവി കണ്ടു. നാട്ടിലാകെ ഫ്‌ളക്‌സ് മയമായിരുന്നു. ഇത് ഒരുസമയം വലിയ വിവാദത്തിലേക്കും തള്ളിവിട്ടു. കോഴിക്കോട്ടെ പുഴയില്‍ മെസിയുടെയും നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളായിരുന്നു ശ്രദ്ധേയമായതെങ്കില്‍ 100ഉം 110 അടിയും വരെ കട്ടൗട്ടുകള്‍ പൊക്കി കളിപ്രേമികള്‍ നാട്ടുകാരുടെ കണ്ണിലുണ്ണികളാകാന്‍ മല്‍സരിച്ചു. പുഴയിലെ കട്ടൗട്ടുകള്‍ ഫിഫ ഔദ്യോഗികമായി ട്വീറ്റ് ചെയ്തതോടെ കേരളവും ലോകകപ്പിലൊരിടം നേടി.

അതിനിടെ സമസ്ത നേതാവ് കളിപ്രേമം അതിരുകടക്കുന്നതിനെതിരെ രംഗത്തുവന്നത് അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതുവരെ എത്തി. പറഞ്ഞതിലെ പൊരുളറിയാതെയും മന:പൂര്‍വം അറിയില്ലെന്ന് നടിച്ചുമായിരുന്നു ചിലരുടെ വാദപ്രതിവാദം. ഫുട്‌ബോള്‍ ആരോഗ്യത്തിനും വിനോദത്തിനും നല്ലതെന്ന് പറഞ്ഞവര്‍ വരെ അമിതമായി കളിയാരാധാന മാറുന്നതിനെതിരെ പ്രതികരിച്ചു. വീടുകളില്‍ കുട്ടികള്‍ രാത്രികളില്‍ പൊതുഇടങ്ങളില്‍ വലിയ സ്‌ക്രീനുകളില്‍ കളികാണാന്‍ പോകുന്നതിനെ ആദ്യം അമ്പരപ്പോടെ കണ്ട രക്ഷിതാക്കളും കളി ക്വാര്‍ട്ടറിലേക്ക് കടന്നതോടെ അവിടെ ചെറുതായൊരു കസേര ഇട്ടിരുന്നു.

ഇതിനിടെ സി.പി.എംനേതാവ് ഇ.പി ജയരാജന്റേതായിരുന്നു വലിയ വെടി. അര്‍ജന്റീനന്‍ താരം മെസ്സിയെ മെഴ്‌സി എന്ന് പറഞ്ഞതായിരുന്നു വിവാദവും ഒപ്പം രസകരവുമായത്. മെഴ്‌സി കപ്പടിച്ചിരിക്കും എന്ന് ഉറപ്പിച്ചുപറഞ്ഞ ജയരാജന്‍ മെഴ്‌സിയെന്ന് പറഞ്ഞിട്ടില്ലെന്നായി പിന്നീട്. ഇത് സംബന്ധിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ മെക്കിട്ടായിരുന്നു ഇടതുമുന്നണി കണ്‍വീനറുടെ ആക്രോശം.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബെല്‍ജിയം വെല്‍നസ് കോച്ച് വിനയ് മേനോന് അഭിവാദ്യം അര്‍പ്പിച്ചതുംവാര്‍ത്തയായി. ബെല്‍ജിയം തോറ്റതോടെ അത് പിണറായിക്കെതിരായ ട്രോളുമായി.

ഖത്തറിലേക്ക് മലയാളികളൊന്നടങ്കം വെച്ചുപിടിച്ചതുപോലെയായിരുന്നുകേരളത്തിലെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ മുഴുവന്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫിപറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും മറ്റും അവിടെനിന്ന് ചിത്രങ്ങളിട്ടതോടെ കേരളത്തിലെ സമരത്തില്‍ അവരുടെ അസാന്നിധ്യത്തെ പരിഹസിച്ചായി ട്രോളുകള്‍. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിപോയെന്നായി വാര്‍ത്ത. എം.എല്‍.എമാരായ മുണ്ടുടുത്തെത്തിയ പി.കെ ബഷീര്‍ മുതല്‍ ടി.വി ഇബ്രാഹിം വരെ വാര്‍ത്തയിലിടം നേടി. വി.ടി ബലറാമിനെയും ഖത്തറില്‍കണ്ടു. മലയാളി മലപ്പുറം താഴേക്കോട്ടുകാരന്‍ കുഞ്ഞാന്‍ ബ്രസീല്‍ കളിക്കാരന്‍ നെയ്മറെ സ്‌റ്റേഡിയത്തില്‍ വെച്ച്കണ്ട് മുത്തംകൊടുത്തതും വാര്‍ത്തകളിലിടം നേടി.


ഇതിനിടെ അര്‍ജന്റീന കപ്പടിക്കും .അടിച്ചിരിക്കണം എന്ന നിലയില്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവന്ന പോസ്റ്റുകളും അഭിപ്രായപ്രകടനങ്ങളും പരിഹാസ്യമായി. ജയരാജന് പുറമെ മന്ത്രി എം.ബി രാജേഷും മുന്‍മന്ത്രി എം.എം മണിയും ഇതേ അഭിപ്രായക്കാരായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡിസതീശനും മറ്റും ബ്രസീലാരാധകരും. ഖത്തറില്‍ കളി നടക്കുന്നതിനിടെ ഇസ്‌ലാമിലേക്ക് മതംമാറ്റാന്‍ ശ്രമം നടക്കുന്നു എന്ന രീതിയില്‍പതിവുപോലെ സംഘപരിവാര്‍ വിഷം ചീറ്റിയത് പക്ഷേ കേരളം ഏറ്റെടുത്തില്ല. രാഷ്ട്രീയമാകാമെങ്കിലും വര്‍ഗീയത വേണ്ടെന്നായിരുന്നു അവരുടെ നിലപാട്.
ഇതിനിടെ തൃശൂരിലെ കൊച്ചുമിടുക്കന്റെ കളിവിലയിരുത്തലും കുട്ടികള്‍ കളിയോടൊപ്പം സ്‌ന്തോഷവും കരച്ചിലു പങ്കുവെച്ചതും ഖത്തറിലെത്തിയതുമെല്ലാം വാര്‍ത്തകളായി. ഏറ്റവുമൊടുവില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍നിന്ന് ഫൈനല്‍കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ അവരുടെ ഫുട്‌ബോള്‍ താരങ്ങളുടെ കൂടെയാണെന്ന് വന്നു. കഴിഞ്ഞ ഒരുമാസക്കാലം കേരളത്തിലെ രാഷ്ട്രീയം ഒരുപരിധിവരെ ഫുട്‌ബോള്‍മയമായിരുന്നുവെന്നര്‍ത്ഥം.ഇതിനിടെ തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദവും സമരപരമ്പരയും ശിവന്‍കുട്ടിയെപോലെ മേയര്‍ ആര്യരാജേന്ദ്രന്റെ ചാടിക്കടക്കലും വാര്‍ത്തയായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളനിയമസഭ ഇതിനിടയിലാണ് ബില്ല് വഴി സര്‍വകലാശാലകളുടെചാന്‍സലര്‍ പദവിയില്‍നിന്ന് തെറിപ്പിച്ചുകളഞ്ഞത്.


ഇതിനൊക്കെയപ്പുറം കേരളത്തിലെ 25 ശതമാനത്തോളം വരുന്ന ചെറുപ്പക്കാര്‍ ഇനിയെന്ത് കളിയാണ് കാണുക എന്ന ചോദ്യമാണുയരുന്നത്. അവരുടെ ചോര തിളപ്പിന്റേതാണ്. അവര്‍ക്ക് അതിനൊത്ത ആവേശമാണ് ജീവിതത്തില്‍ നല്‍കേണ്ടത്. അത് കിട്ടിയില്ലെങ്കില്‍ അവര്‍ പലരും മദ്യത്തിനും മയക്കുമരുന്നിലേക്കുംപോകും. നോ ടു ഡ്രഗ്‌സ് എന്ന് പോസ്റ്റിട്ടതുകൊണ്ടോ വിളക്കുവെച്ചതുകൊണ്ടോ വരുംകാലത്ത് ഇന്ത്യ ഫുട്‌ബോള്‍മേള നടത്തുമെന്ന് പറഞ്ഞതുകൊണ്ടോ അത് അടങ്ങണമെന്നില്ല. പഠിക്കാനും കളിക്കാനും യുവത്വത്തിന് അവസരംവേണം. അത് തിരിച്ചറിയാന്‍ മുമ്പ് കളിക്കളങ്ങളില്‍നിന്ന് കളിക്കളങ്ങളിലേക്ക് പാഞ്ഞ ഇന്നത്തെ വാര്‍ധക്യവും മധ്യവയസ്‌കരും തയ്യാറാകണം. ഒരു സ്വാതന്ത്ര്യസമരം അവര്‍ക്കായി നല്‍കാന്‍ ഇന്നില്ല. ചടുല രാഷ്ട്രീയം പയറ്റിയ ഡി.വൈ.എഫ്.ഐ യെ കേള്‍ക്കാനില്ല.
മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കുന്ന രാഷ്ട്രീയമല്ല .ഒരുമിപ്പിക്കലിന്റെ വേദിയാണ് കായികമേളകളെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് ഖത്തര്‍ലോകകപ്പ് .ഇതാകട്ടെ കേരളത്തിന്റെ ഭാവിസന്ദേശവും . പൊക്കിയ കട്ടൗട്ടുകള്‍ അഴിച്ചുവെക്കുന്നതില്‍ മുതല്‍ കായികമൈതാനങ്ങളിലേക്കുവരെ അത് പടരട്ടെ ! ഫിഫയുടെ 32 ടീമുകളില്‍നിന്ന് അര്‍ജന്റീനയും ഫ്രാന്‍സും ക്രൊയേഷ്യയും എന്ന ആദ്യമൂന്നിലേക്ക് ലോകകാല്‍പന്ത് കളിയൊതുങ്ങുമ്പോള്‍ ഇന്ത്യക്ക് കാത്തിരിക്കാം, എന്നോ കളഞ്ഞുപോയ ലോകകപ്പ് മേളയിലേക്ക് വീണ്ടുമൊരിടം നേടാന്‍. ഏതോട്രോള്‍ പോലെ സ്‌കൂളുകളിലെ പി.ടി (ഫിസിക്കല്‍ ട്രെയിനിംഗ് ) ക്ലാസുകള്‍ സ്‌പെഷ്യല്‍ക്ലാസാകുന്ന രീതിയെക്കുറിച്ച് പുനരാലോചിക്കാം !

Chandrika Web: