കേരളത്തിലെ മഹാപ്രളയം വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായകരമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടിയന്തര ഇടപെടല്‍. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്‍കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. കേരളത്തിനെ സഹായിക്കാന്‍ രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസിന്റെ എല്ലാ എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിയും അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
അതേസമയം കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഹാ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്സ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വ്യക്തമാക്കിയരുന്നു. അനേകം ജീവിതങ്ങളെയും ജീവിതമാര്‍ഗ്ഗങ്ങളെയും നഷ്ടപ്പെടുത്തിയ ഈ ദൂരന്തത്തെ ദേശീയ ദുരന്തമായി തന്നെ പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. 500 കോടി രൂപയാണ് അദ്ദേഹം കേന്ദ്ര സഹായമായി പ്രഖ്യാപിച്ചത്. കൂടുതല്‍ സഹായത്തിനായി കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സാഹയകമായി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബാര്‍ദാസും രംഗത്തെത്തി. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അഞ്ച് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി നേതാവുമായ അരവിന്ദ് കെജ്രിവാളും സഹായം പ്രഖ്യാപിച്ചു. എല്ലാ ആം ആദ്മി പാര്‍ടി എം.പിമാരും എംഎല്‍എമാരും മന്ത്രിമാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. കൂടാതെ ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്തിന് 10 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു.