തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം – കോട്ടയം- എറണാകുളം പാതയിലെയും, എറണാകുളം – ഷൊര്‍ണ്ണൂര്‍ പാതയിലെയും ട്രെയിന്‍ ഗതാഗതം നാളെ വൈകിട്ട് നാലുവരെ റദ്ദാക്കി. ചെങ്ങന്നൂര്‍, ആലുവ പാലങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നും മറ്റ് പല സ്ഥലങ്ങളിലെ റെയില്‍ പാളങ്ങളില വെള്ളവും മറ്റ് തടസ്സങ്ങളും കാരണമാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്.
പാസ്സഞ്ചര്‍ ട്രെയിനുകള്‍ തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം വഴി സര്‍വീസ് നടത്തും. ദീര്‍ഘദൂര ട്രെയിനുകള്‍ തിരുവനന്തപുരം, തിരുനെല്‍വേലി, മധുര വഴി തിരിച്ചു വിടും. എറണാകുളത്തു നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വേഗനിയന്ത്രണത്തില്‍ ഓടുമെന്നും തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. ഈ റൂട്ട് വഴി മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. രാവിലെ 11.30നും ഉച്ചയ്ക്കു രണ്ടിനും വൈകിട്ട് നാലിനുമാണ് സര്‍വീസ്. എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും. 11.30ന് പുറപ്പെടുന്ന ട്രെയിന്‍ നാലു മണിയോടെ തിരുവനന്തപുരത്ത് എത്തും. കോഴിക്കോട് ഷൊര്‍ണൂര്‍ റെയില്‍ പാതയിലും ഇന്ന് ട്രെയിനുകള്‍ ഓടിയില്ല.
വടക്കുനിന്നുള്ള ട്രെയിനുകളെല്ലാം കോഴിക്കോട്ടും സമീപ സ്റ്റേഷനുകളിലും നിര്‍ത്തി. നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ തടസ്സങ്ങളില്ല. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങള്‍ക്കുമുകളിലുടെ ഇപ്പോഴും വെള്ളമൊഴുകുകയാണ്. വെള്ളമൊഴിഞ്ഞാലും പാലങ്ങളുടെ സുരക്ഷാ പരിശോധന നടത്തിയതിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.
ഗുരുവായൂര്‍ – ചെന്നൈ എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും. ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്‌സ്പ്രസ് സേലം വരെ വന്നു തിരിച്ചു പോകും. യശ്വന്തപുര – കൊച്ചുവേളി എക്‌സ്പ്രസ്, ചെന്നൈ – ആലപ്പി എക്‌സ്പ്രസ് എന്നിവ കോയമ്പത്തൂര്‍ വരെയേ ഉണ്ടാവൂ. മടക്ക സര്‍വീസ് കോയമ്പത്തൂരില്‍ നിന്നാണ്. എറണാകുളത്തു നിന്നു ചെന്നൈയിലേക്കു സ്‌പെഷല്‍ ട്രെയിന്‍ (06034) സര്‍വീസ് നടത്തും. (തിരുവനന്തപുരം, തിരുനെല്‍വേലി, മധുര വഴി) വൈകിട്ട് ആറിന് പുറപ്പെടും. കേരളത്തിലെ സ്റ്റോപ്പുകള്‍: ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം,കൊല്ലം, തിരുവനന്തപുരം (രാത്രി 10.40).എറണാകുളം ജംഗ്ഷനില്‍നിന്നു രാവിലെ എട്ടു മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് എറണാകളും ജംഗ്ഷനിലേക്കു രാവിലെ ഒമ്പതിന് സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും.