വെള്ളമുണ്ട: മഴപെയ്യുമ്പോള്‍ ഭയപ്പാടില്ലാതെ നനയാത്ത കൂരയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിനായി ഇനി ഞങ്ങളാരുടെ കാലിലാണ് വീഴേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങുന്ന വെള്ളമുണ്ട പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി വൃദ്ധന്‍ നമ്പിയുടെ ചോദ്യമാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തായിരുന്നു സംസ്ഥാനത്തെ മുക്കിയ പ്രളയമുണ്ടായതും കോളനിക്ക് പിറകില്‍ നിന്നും മണ്ണിടിഞ്ഞ് വീണ തും. ഈ വര്‍ഷവും വീണ്ടും മഴ തിമര്‍ത്തുപെയ്യുമ്പോള്‍ പുനരധിവാസത്തിനായുള്ള കാത്തിരിപ്പ് രണ്ടാംവര്‍ഷത്തിലേക്ക നീങ്ങുകയാണ്.
കഴിഞ്ഞ വര്‍ഷം കോളനിക്ക് പിറകില്‍ നിന്നും മണ്ണിടിഞ്ഞ് വീണ വാസുവിന്റെ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലായി. വീടിനുള്ളില്‍ ദോശയുണ്ടാക്കുകയായിരുന്ന മകള്‍ പത്ത് വയസ്സുകാരി രമ്യയുടെ ദേഹത്ത് തീ പടര്‍ന്ന് 70 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം ജില്ലാ അസ്പത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്ന രമ്യ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഇപ്പോഴും സ്ഥിരമായി സ്‌കൂളില്‍ പോവാന്‍ കഴിയാറില്ല. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സബ് കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധകളും കോളനിയിലെത്തി മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വസകേമ്പിലേക്ക് മാറ്റി. ഇവര്‍ താമസിച്ചു വന്നിരുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് റവന്യു വകുപ്പും ട്രൈബല്‍ വകുപ്പും വിധിയെഴുതിയതോടെയാണ് ഇവരുടെ തുടര്‍ ജീവിതം കൂടുതല്‍ ദുരിതത്തിലായത്.
ഒരു മാസത്തോളം ദുരിതാശ്വാസകേമ്പില്‍ താമസിച്ച് ശേഷമാണ് കോളനിയിലേക്ക് മടങ്ങിയത്. ഭൂമി വാസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ നേരത്തെ തുടങ്ങിവെച്ച മൂന്ന് വീടുകളുടെ തുടര്‍ നിര്‍മാണം നിലച്ചു. കോളനിയിലെ നമ്പി, ചാല, രാജിത എന്നിവര്‍ക്കായിരുന്നു ട്രൈബല്‍ വകുപ്പ് വീട് അനുവദിച്ചത്. ഇത് പ്രകാരം നിര്‍മാണം ആരംഭിച്ച വീടിന്റെ തറകളിലാണ് നിലവില്‍ കുടുംബങ്ങള്‍ പ്ലാസ്റ്റിക് കൂരകളുണ്ടാക്കി കഴിയുന്നത്. ഇവര്‍ക്ക് തുടര്‍ ഫണ്ട് വകുപ്പ് തടയുകയായിരുന്നു. സ്ഥലം വാസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ വാക്കാല്‍ പറഞ്ഞെങ്കിലും വര്‍ഷം ഒന്ന് പിന്നിട്ടിട്ടും ഇവരെ പുനരധിവസിപ്പിക്കാന്‍ യാരൊരു നടപടികളുമായിട്ടില്ല. കോളനിയിലെ ആറ് കുടുംബങ്ങളില്‍ ഒരു കുടംബം മാത്രമാണ് റീബില്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. മുഴുവന്‍ കുടുംബങ്ങളും പട്ടികയിലുള്‍പ്പെടാന്‍ വിദഗ്ദസമിതി റിപ്പോര്‍ട്ട് വേണം. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ പകരം ഭൂമികണ്ടെത്തി പുനരധിവാസിപ്പിക്കാന്‍ കഴിയുകയുള്ളു. കേവലം റിപ്പോര്‍ട്ടിനായി ഒരു വര്‍ഷം കാത്തിരിക്കേണ്ടിവന്നെങ്കില്‍ സ്ഥലവും വീടും ലഭിക്കാന്‍ ഇനിയെത്രകാലം കാത്തിരിക്കണെമെന്നതാണ് കോളനിനവാസികളെ ആശങ്കയിലാക്കുന്നത്.