സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനിക-പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാര പട്ടികയില്‍ ഇടം നേടി വിവിധ സേന വിഭാഗങ്ങളിലെ മലയാളികള്‍. കേരളത്തിലെ പ്രളയകാലത്തില്‍ കൈക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ വ്യോമസേന ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് ധീരതയ്ക്കുള്ള വായുസേന മെഡല്‍.
ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടയില്‍ പായ്‌വഞ്ചി അപകടത്തില്‍ പരിക്കേല്‍ക്കുകയും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത മലയാളി നാവികന്‍ അഭിലാഷ് ടോമിക്ക് നവ് സേന മെഡലും പ്രഖ്യാപിച്ചു. പ്രളയത്തില്‍ രണ്ടു ഗര്‍ഭിണികളെ രക്ഷപ്പെടുത്തിയ ഹെലികോപ്റ്റര്‍ പറത്തിയ കമാന്‍ഡര്‍ വിജയ് വര്‍മയ്ക്ക് ധീരതയ്ക്കുള്ള നവ് സേന മെഡലാണ് രാജ്യം നല്‍കുക. പായ് കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ്. മുന്‍പ് കീര്‍ത്തിചക്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്ന മത്സരമായ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവെയാണ് കഴിഞ്ഞ സെപ്തംബറില്‍ അഭിലാഷിന്റെ വഞ്ചി അപകടത്തില്‍പ്പെട്ടത്. നട്ടെല്ലിന് സാരമായി പരിക്കേറ്റ അഭിലാഷ് മാസങ്ങളായി ചികിത്സയിലായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറി വരുന്നതിനിടയിലാണ് അഭിലാഷിനെ പുരസ്‌കാരം തേടി എത്തിയിരിക്കുന്നത്.
വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരം വിശിഷ്ട് സേവ മെഡല്‍ ലഭിച്ചിട്ടുണ്ട്. ഭീകരവാദം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേര്‍ന്ന് വീരമൃത്യു വരിച്ച ലാന്‍സ് നായിക അഹമ്മദ് വാണിക്ക് അശോക ചക്ര പുരസ്‌കാരവും പ്രഖ്യാപിച്ചു. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പരം വിശിഷ്ട സേവാ മെഡലും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എട്ട് പേര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. കെ. എ.പി 3 ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.ജി സുബ്രഹ്മണ്യന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു.
ജോസഫ് റസ്‌സല്‍ ഡിക്രൂസ് (അസിസ്റ്റന്റ് കമാന്‍ഡന്റ് കെ.എ.പി ബറ്റാലിയന്‍ 1), ആര്‍.ബാലന്‍ (അസിസ്റ്റന്റ് കമാന്‍ഡന്റ്,ഡി.എച്ച്.ക്യു, ആലപ്പുഴ), രാജു.പി.കെ (അസിസ്റ്റന്റ് കമീഷണര്‍, ട്രാഫിക് കോഴിക്കോട് സിറ്റി നോര്‍ത്ത് ), ജെ.പ്രസാദ് (ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍), നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍ (എ.എസ്.ഐ, ഡി. സി.ആര്‍.ബി റെയില്‍വെ, തിരുവനന്തപുരം), യശോധരന്‍ ശാന്തമ്മ കൃഷ്ണന്‍ നായര്‍ (എ.എസ്.ഐ, കമീഷണര്‍ ഓഫീസ് തിരുവനന്തപുരം),സാബു എസ്.കെ (ഡ്രൈവര്‍ എസ്.എസ്. ഐ, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തിരുവനന്തപുരം) എന്നിവര്‍ക്ക് സ്തുതര്‍ഹ്യ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 855 ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മെഡല്‍ ലഭിച്ചത്. സി.ഐ.എസ്.എഫ് വിഭാഗത്തില്‍ കൊച്ചി എയര്‍പോര്‍ട്ട് യൂനിറ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. മുരളീധരന്‍ നായര്‍, ബി. പി. സി. എല്‍ കൊച്ചിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കും സ്തുത്യര്‍ഹ്യ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
രാഷ്ട്രപതിയുടെ സ്തുതര്‍ഹ്യ ജയില്‍ സേവനത്തിനുള്ള അവാര്‍ഡ് തിരുവനന്തപുരം പൂജപ്പുരയിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ ജോയിന്റ് സുപ്രണ്ട് എം.ബാബുരാജ്, ആലത്തൂര്‍ സബ്ജയില്‍ സുപ്രണ്ട് എം.കെ ബാലകൃഷ്ണന്‍ എന്നിവര്‍ക്കും ലഭിച്ചു. റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
- 6 years ago
chandrika