2018ലെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നുണ്ടായ നഷ്ടത്തിനു പരിഹാരധനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30 വരെ ലഭിക്കുന്ന അപ്പീലുകള്‍ ജില്ലാ കലക്ടര്‍മാര്‍ പരിഗണിക്കും. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റ അടിസ്ഥാനത്തില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ജനുവരി 31 ആയി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷവും വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍നിന്നായി 27,432 അപ്പീലുകള്‍ ലഭിച്ചു. ചില ജില്ലകളില്‍ ഏതാനും അപ്പീലുകള്‍ പരിശോധിച്ച് അംഗീകരിച്ചു. ഭൂരിപക്ഷം അപ്പീലുകളിലും പരിശോധന നടന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ ലഭിച്ച അപ്പീലുകള്‍ പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കു തീര്‍പ്പാക്കാം. മാര്‍ച്ച് 31നുശേഷമുള്ള അപ്പീലുകള്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജീനീയര്‍, ലൈഫ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കണം. പ്രാഥമിക പരിശോധനയില്‍ സത്യസന്ധമെന്നു കാണുന്നവയില്‍ തുടര്‍ പരിശോധന നടത്തി തീര്‍പ്പാക്കണം. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നും കേടുപാടു സംഭവിച്ചും ഉണ്ടായ നഷ്ടം പരിഹരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ 2018 സെപ്റ്റംബര്‍ മൂന്നിനു ഉത്തരവ് ഇറക്കിയിരുന്നു. സ്ഥാപനതല എന്‍ജിനീയര്‍മാരും പ്രാദേശിക സാങ്കേതിക വിദഗ്ധരും അടങ്ങുന്ന പാനല്‍ നേരിട്ടു നടത്തുന്ന പരിശോധനയുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം അനുവദിക്കാമെന്നായിരുന്നു ഉത്തരവില്‍.
നഷ്ടപരിഹാരം സംബന്ധിച്ച് തര്‍ക്കം ഉണ്ടായാല്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനു ജില്ലാ കലക്ടറെ അപ്പലേറ്റ് അതോറിറ്റിയായി നിയോഗിച്ചിരുന്നു.
- 6 years ago
chandrika
Categories:
Video Stories