X

കേരളത്തിന് സഹായ ഹസ്തവുമായി ഇതര സംസ്ഥാനങ്ങള്‍

ചെന്നൈ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചു. 500 മെട്രിക്ക് ടണ്‍ അരി, 300 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 15,000 ലീറ്റര്‍ പാല്‍, വസ്ത്രങ്ങള്‍, പുതപ്പ് എന്നിവയും തമിഴ്‌നാട് കേരളത്തിലേക്ക് എത്തിക്കും. മരുന്നുകളുമായി ഡോക്ടര്‍മാരുടെ സംഘത്തെയും കേരളത്തിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരിക്കും സംഘത്തെ അയക്കുക.

അഞ്ചുകോടി രൂപയുടെ സഹായം മുന്‍പ് തമിഴ്‌നാട് കേരളത്തിന് നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്നും അന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് 20 കോടിയുടെ സഹായം പ്രഖ്യാപിച്ചു. നേരത്തെ 5 കോടി പ്രഖ്യാപിച്ചിരുന്നു. തെലങ്കാന 25 കോടി രൂപ ധനസഹായം നല്‍കിയിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും 10 കോടി രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. 10 കോടി രൂപയുടെ സഹായം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക 10 കോടി രൂപ, പുതുച്ചേരി 1 കോടിരൂപ നല്‍കിയിരുന്നു. തമിഴ്‌നാട്, തെലുങ്ക് സിനിമാ ലോകവും സഹായവുമായി രംഗതെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ വിജയ് സേതുപതി 25 ലക്ഷം രൂപയും നടന്‍ ധനുഷ് 15 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. തെലുങ്ക് നടന്‍ രാംചരണ്‍ തേജ 60 ലക്ഷം രൂപയും 10 ടണ്‍ അരിയും നല്‍കും. ഭാര്യ ഉപാസന കാമിനേനി 1.20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. നടന്‍ പ്രഭാസ് 1 കോടി രൂപ നല്‍കും. നടന്‍ അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്.ആം ആദ്മി എംപിമാരും മന്ത്രിമാരും എംഎല്‍എമാരും ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

chandrika: