പ്രളയം വിഴുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ചണ്ഡിഗഡില്‍ നിന്ന് മരുന്നുകള്‍ എത്തിക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിനോട് വന്‍ തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി വിവാദമാകുന്നു. പണം നല്‍കാതെ വിമാനമില്ലെന്ന സേനയുടെ കടുംപിടിത്തത്തെ തുടര്‍ന്ന് റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിച്ച് കമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സൗജന്യമായാണ് മരുന്നുകള്‍ കൊച്ചിയില്‍ കൊണ്ടുവന്നത്.
ചണ്ഡിഗഡിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡില്‍ നിന്ന് കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം വഴി ശേഖരിച്ചത്. ഇന്‍സുലിന്‍ അടക്കമുള്ളവ പെട്ടെന്ന് വിതരണം ചെയ്യേണ്ടതിനാല്‍ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. എന്നാല്‍, മണിക്കൂറിന് 60 ലക്ഷം രൂപ തോതില്‍ രണ്ടര കോടി രൂപ അടച്ചാല്‍ മരുന്ന് കൊച്ചിയില്‍ എത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. പ്രളയത്തിന്റെ പേരില്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്നും പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സര്‍വീസുകളില്‍ മരുന്നുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ എയര്‍ഇന്ത്യ, വിസ്താര കമ്പനികള്‍ തയ്യാറായി.