X

മഴയിലും വെള്ളപ്പൊക്കത്തിലും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ഥി ജീവനൊടുക്കി

കുന്ദമംഗലം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സര്‍വ്വതും നഷ്ടപ്പെട്ട മനോവിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന്‍ കൈലാസ് (19) ആണ് മരിച്ചത്. ഇന്ന് ഐ.ടി.എയില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന് വേണ്ടി പുതിയ ഉടുപ്പുകളും സര്‍ട്ടിഫിക്കറ്റും എല്ലാം തയ്യാറാക്കി ഇരിക്കുമ്പോഴാണ് കനത്ത മഴയില്‍ കൈലാസിന്റെ വീട്ടില്‍ വെള്ളം ഇരച്ചുകയറിയത്. ഇതോടെ കൈലാസിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം എല്ലാം വെള്ളത്തില്‍ ഒലിച്ചുപോയി. വീട് വെള്ളത്തിനടിയിലായത്തോടെ കൈലാസും അച്ഛനും അമ്മയും അനിയത്തിയും കാരന്തൂര്‍ മാപ്പിള സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.

ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് തന്റെ എല്ലാം നഷ്ടപ്പെട്ട വിവരം കൈലാസ് അറിയുന്നത് ഇതോടെ കൈലാസ് വീടിനുള്ളില്‍ കയറില്‍ കെട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ മകന്‍ വീട്ടിലുണ്ടാവുമെന്ന പ്രതീക്ഷയില്‍ വീട്ടിലെത്തിയ അമ്മ കണ്ടത് മകന്‍ കയറി തൂങ്ങി മരിച്ചുകിടക്കുന്ന രംഗമാണ്. ഇവര്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കയര്‍ അറുത്ത് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാരന്തൂര്‍ മാപ്പിള സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മാവൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ് ലക്ഷ്മി, സഹോദരി ഗ്രീഷ്മ.

chandrika: