സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം വര്‍ധിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളെയും ഏകോപിപ്പിച്ച് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കഴിയുമെന്നിരിക്കെയാണ് ഈ പിടിവാശി വില്ലനായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം നടത്തിയ രക്ഷാദൗത്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
ചെങ്ങന്നൂരിനെ രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കൂ എന്ന് ഭരണകക്ഷി എം.എല്‍.എ ദൃശ്യമാധ്യമങ്ങള്‍ വഴി കരഞ്ഞു പറഞ്ഞിട്ടും അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിച്ചത്. പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. കൈവിട്ട് പോകുമെന്ന് ഭയന്ന പലയിടങ്ങളിലും വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് സൈനികര്‍ നല്‍കിയത്.
മൂന്ന് സൈനിക സംവിധാനത്തിലും തീരദേശ സംരക്ഷണ സേനയിലും നിന്നായി വലിയ സംവിധാനമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ദേശീയ ദുരന്ത നിയന്ത്രണ സേനയുടെ 57 സംഘത്തിലെ 1300 പേര്‍ സംസ്ഥാനത്തുണ്ട്. 435 ബോട്ടുകളും ഇവര്‍ സജ്ജമാക്കിയിട്ടുണ്ട്. എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ 10 ടീമിലായി 790 പരിശീലനം നേടിയ സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. നാവിക സേനയുടെ 82 ടീമുകളിലായി ആയിരത്തോളം പേരുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ 42 ടീമുകളും രണ്ട് ഹെലി കോപ്റ്ററുകളും രണ്ട് ചെറുകപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. 38 ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ നാവിക സേനയുടെ 58 വാഹന സംവിധാനങ്ങള്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
വ്യോമ സേനയുടെ 90 ചെറു വിമാനങ്ങള്‍, 500 മോട്ടോള്‍ ബോട്ട് എന്നിവ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുന്നുണ്ട്. വെള്ളപ്പൊക്ക രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തത് മൂലം രക്ഷിക്കാമായിരുന്ന ഒട്ടേറെ മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. കുട്ടികള്‍, രോഗികള്‍, പ്രായം ചെന്നവര്‍ തുടങ്ങി 3627 പേരെ ശനിയാഴ്ച വരെ രക്ഷിച്ചു. ഇവരില്‍ 22 വിദേശികളുണ്ട്. പത്തടി ഉയരത്തില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ സുബേദാര്‍ മന്‍ബര്‍ സിങിന്റെ നേതൃത്വത്തില്‍ 13 ഗഡ്‌വാള്‍ റൈഫിള്‍സ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി രക്ഷിച്ചത് 536 പേരെയാണ്.
പാലക്കാട് ജില്ലയില്‍ ദേശീയപാത 544ല്‍ ഒലിച്ചുപോയ ആറ്റപ്പാലം അസാധാരണ വേഗത്തില്‍ എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സ് താല്‍ക്കാലിക പാലം നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചു. കരസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 13 താല്‍ക്കാലിക പാലങ്ങളാണ് നിര്‍മ്മിച്ചത്. പതിനായിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയതിന് ശേഷമാണ് കൂടുതല്‍പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ മത്സ്യബന്ധന ബോട്ടിനായി തെരച്ചില്‍ നടത്തുന്നതിന് അധികൃതര്‍ സഹകരിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഡാം ഷട്ടറുകള്‍ തുറക്കും മുന്‍പ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുക എന്ന അടിസ്ഥാന കാര്യം പോലും ചെയ്യാത്തതിന് പുറമെ സൈന്യത്തെ വിശ്വാസത്തിലെടുക്കാത്തതുമാണ് മരണ സംഖ്യ ഉയര്‍ത്തിയത്. വയനാട്ടിലും മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്ന് വൈദ്യുതി വകുപ്പും ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയായിരുന്നു. വലിയ പ്രളയ ദുരന്തം തിരിച്ചറിയുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഓഖി ദുരന്തത്തില്‍ നിന്നും പാഠം പഠിക്കാത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അന്ന് അതോറിറ്റി പുനസംഘടിപ്പിക്കുമെന്ന് പ്രഖ്യാപനവും നടന്നു. ദുരന്തസാധ്യത സാധ്യത മുന്‍കൂട്ടി അറിയുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സകല സന്നാഹങ്ങളും അണിനിരത്തുക ഇവയാണ് മുഖ്യമന്ത്രി അധ്യക്ഷനായ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല.
ഓഖിയില്‍ ഇതില്‍ പലതും പാളിയതോടെ കേരള തീരങ്ങളില്‍ ദുരന്തം വീശിയടിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തിലുളള ദുരന്ത നിവാരണ അതോറിറ്റിയില്‍ ഇപ്പോഴുമുളളത് റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇവിടെ നിന്ന് വേണം സേനാ വിന്യാസമടക്കം സകല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍. രക്ഷാപ്രവര്‍ത്തനത്തനത്തിന് മല്‍സ്യത്തൊഴിലാളികളും ഭക്ഷണ വിതരണത്തിന് സന്നദ്ധ സംഘടനകളും മുന്‍കൈയെടുത്തതാണ് ദുരിതത്തിന്റെ തോത് കുറച്ചത്.