X

ഇന്ദ്രന്‍സ് പിന്തള്ളിയത് ഫഹദിനെയും സുരാജിനെയും; പാര്‍വതി വിനീതാ കോശിയെ

തിരുവനന്തപുരം: മികച്ച നടനുള്ള പോരാട്ടത്തില്‍ ഇന്ദ്രന്‍സ് പിന്നിലാക്കിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ചാറമൂടിനെയും. അവസാന റൗണ്ടുവരെയും ഇരുവരും ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും അഭിനയ മികവാണ് ഫഹദിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കുമൊപ്പം ‘സവാരിയിലെ’ അഭിനയ മികവുമാണ് സുരാജിനെ അവസാന റൗണ്ടിലെത്തിച്ചത്. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന ജൂറിയുടെ പൊതുവായ സമീപനം ഇന്ദ്രന്‍സിനെ തുണക്കുകയായിരുന്നു.
പുതുമുഖങ്ങള്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന ജൂറിയുടെ നിലപാട് മികച്ച നടിയുടെ കാര്യത്തില്‍ പക്ഷേ നടപ്പായില്ല. വിനീതാ കോശിയില്‍ നിന്ന് ശക്തമായ വെല്ലുവിളി പാര്‍വതിക്ക് നേരിടേണ്ടിവന്നു. ഭര്‍ത്യപീഡനത്തിനിരയാകുന്ന ഒരു ഉള്‍നാടന്‍ പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റേയും അതിജീവനത്തിന്റെയും ഭാവതീവ്രമായ ആവിഷ്‌കാരം കാഴ്ചവെച്ച വിനീതക്ക് ഒടുവില്‍ പ്രത്യേക ജൂറി അവാര്‍ഡ് നല്‍കുകയായിരുന്നു. മഞ്ജു വാര്യര്‍, നിമിഷ സജയന്‍ എന്നിവരെ മറികടന്നാണ് വിനീതയും പാര്‍വതിയും അവസാന റൗണ്ടിലേത്തിയത്.
ആറ് കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണ് ജൂറിയുടെ മുന്നിലെത്തിയത്. 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു കണ്ടു. ഇതില്‍ മികച്ച 23 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ജൂറിയുടെ മുന്നിലെത്തിയവയില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു. ഒരു ചിത്രം മാത്രമാണ് സ്ത്രീ സംവിധായികയുടേത്. 110 ചിത്രങ്ങളുണ്ടായിട്ടും പൊതുവായുള്ള സിനിമകളുടെ നിലവാരം ശുഭോദര്‍ക്കമായിരുന്നില്ലെന്നാണ് ജൂറി വിലയിരുത്തല്‍. ചിത്രങ്ങളില്‍ ഏറിയ പങ്കും സിനിമ എന്ന മാധ്യമത്തെ ഗൗരവമായി കണക്കാക്കാതെ സൃഷ്ടിക്കപ്പെട്ടവയായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ടി.വി ചന്ദ്രന്‍ പറഞ്ഞു.

chandrika: