കെ.എം.സി.സിയുടെ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച കേരള ഫെസ്റ്റ് ഏറെ പ്രശംസനീയമായെന്നു കേള്‍ക്കുമ്പോള്‍ അതിയായ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് മുതിര്‍ന്ന കെഎംസിസി നേതാവ് പുത്തൂര്‍ റഹ്മാന്‍. പ്രവാസമണ്ണില്‍ വേറിട്ടു കാണുന്നതും ലോകത്തിനു തന്നെ മാതൃകയുമായ കേരളത്തിന്റെ സൗഹാര്‍ദ്ദാന്തരീക്ഷം പ്രകാശിപ്പിക്കുന്നതും, നമ്മുടെ സംസ്‌ക്കാരവും പൈതൃകവും പ്രതിഫലിക്കുന്നതുമായി മാറി മൂന്നു ദിവസം നീണ്ടു നിന്ന ഫെസ്റ്റിവല്‍. ചിന്തയും കലയും ചിരിയും വാര്‍ത്തമാനകാലത്തെപ്പറ്റിയുള്ള സംവാദവും വാരാന്ത അവധി ദിനങ്ങളെ ആഘോഷപ്പൂരമാക്കിയ ജനപങ്കാളിത്തവും കെ.എം.സി.സിയുടെ ഈ പുതിയ കാല്‍വെപ്പിനെ ഒരു നാഴികക്കല്ലാക്കി മാറ്റി. സംഘാടകരായ അബുദാബിയിലെ കെ.എം.സി.സി സഹോദരങ്ങള്‍ എന്തുകൊണ്ടും അനുമോദനമര്‍ഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ദിവസം കേരളത്തിലെ ഓരോരോ ജില്ലകളുടെ സൗന്ദര്യാനുഭവത്തെ ആവാഹിച്ച സംഗീത, നൃത്ത ശില്‍പങ്ങള്‍, ശേഷം നടന്ന സൂഫി സംഗീതത്തിന്റെ അകമ്പടിയോയെയുള്ള പ്രൗഢമായ തുടക്കം. സുന്ദരമായ സായാഹ്നങ്ങളും രാവുകളും സ്‌നേഹവും സൗഹൃദവും കൊണ്ടു നിറക്കാനെത്തിയ ആയിരങ്ങള്‍. അബുദാബിയുടെ തണുത്ത രാത്രികളെ കെ.എം.സി.സിയുടെ ഫെസ്റ്റ് വാര്‍ണാഭമാക്കി. രണ്ടാമത്തെ ദിവസം കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഒത്തുകൂടലിന്റെ വേദിയായൊരുക്കിയതും സാര്‍ത്ഥകമായ ചുവടുവെപ്പായി. മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെ പബ്ലിക് റിലേഷന്‍ ആസ്ഥാനങ്ങളായി മാറുന്ന വര്‍ത്തമാനകാലത്ത് വ്യത്യസ്തവും വ്യക്തവുമായ കാഴ്ചപ്പാടോടെ നീതിയുടെ പക്ഷത്തു നില്‍ക്കുന്ന ചുരുക്കം ചിലരുടെ സാന്നിധ്യവും അവരുമായുള്ള സംവാദവും അര്‍ത്ഥപൂര്‍ണമായിരുന്നു. പ്രമോദ് രാമനും ഷാനി പ്രഭാകറും പി.ജി സുരേഷ് കുമാറും ഹശ്മി താജും മാത്തു ഷാജിയും അറിവും അഭിപ്രായവും തങ്ങളുടെ അനുഭവങ്ങളും പങ്കിട്ടപ്പോള്‍ സദസ്സ് പ്രബുദ്ധതയോടെ പ്രതികരിക്കുകയും സംവാദത്തിന്റെ വേദി രൂപപ്പെടുകയും ചെയ്തു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ അബുദാബിയിലെത്തിയതും ചര്‍ച്ചകളില്‍ പങ്കെടുത്തതും ചിലരെ അസ്വസ്ഥരാക്കുന്നത് സോഷ്യല്‍ മീഡിയ വഴിക്ക് അറിയുമ്പോള്‍ കെ.എം.സി.സി നയിച്ച മാധ്യമ സംവാദം എത്രമേല്‍ വിജയകരമായി എന്നാണ് നാം തിരിച്ചറിയേണ്ടത്. ആളുകള്‍ ഒരുമിക്കുന്നതും ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും ജനങ്ങളുടെയും ജനമനസ്സുകളുടെയും വൈവിധ്യവും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭംഗിയാണ്. അതിനെ അംഗീകരിക്കാനാവാത്തവരും സ്വേച്ഛാധിപത്യത്തെ പിന്തുണക്കുന്നവരുമായ ദുഷ്ടബുദ്ധികളെ കെ.എം.സി.സിയുടെ മാധ്യമ സംവാദം ചൊടിപ്പിക്കുന്നുണ്ടെങ്കില്‍ അതാണല്ലോ ആ സംവാദം ഏറ്റവും നന്നായി എന്നതിന്റെ ഒന്നാമത്തെ തെളിവ്. ജനങ്ങളുടെ ഒത്തൊരുമയും പുരോഗതിയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള നിലപാടും അലോസരപ്പെടുത്തേണ്ട കാര്യങ്ങളല്ല, അതാണ് ഒരു രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ പ്രാവര്‍ത്തികമാക്കേണ്ടത്. കെ.എം.സി.സി അതിനാണ് മുന്നിട്ടിറങ്ങിയത് എന്നതാണ് കേരള ഫെസ്റ്റിന്റെ മഹത്വമെന്നും റഹ്മാന്‍ വ്യക്തമാക്കി.
മൂന്നാം ദിവസത്തെ ഡയസ്‌ഫോറ സമ്മിറ്റും ഏറെ ഉചിതവും കാലികവുമായി. എല്ലാ പ്രവാസി സംഘടനകളുടെയും ഒത്തുകൂടല്‍ സമ്മേളനത്തില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. വോട്ടവകാശം, പുനരധിവാസം, ഇന്‍ഷുറന്‍സ്, നാട്ടിലേക്കുള്ള യാത്രാദുരിതവും അമിതമായ ടിക്കറ്റ് ചാര്‍ജും ഉള്‍പ്പടെ കാര്യങ്ങളില്‍ വിശദമായ കൂടിയാലോചനകളും ആശങ്ങളുടെ പങ്കുവെപ്പും നടന്നു. ആളുകളെ ആകര്‍ഷിക്കുന്ന ചിന്തിക്കാനും ചിരിക്കാനും ഉല്ലസിക്കാനും ഒരേ സമയം അവസരമൊരുക്കിയ ഫെസ്റ്റ് ഒരു നവ്യാനുഭവമായി എന്നാണെല്ലാവരും വിളിച്ചറിയിക്കുന്നത്. അബുദാബി സംസ്ഥാന കെ.എം.സി.സിയുടെ ഭാരവാഹികളും പ്രവര്‍ത്തകരും, ഈ പുതിയ ഉണര്‍വിനു നേതൃത്വം കൊടുത്ത പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലിങ്ങല്‍, ജനറല്‍ സെക്രെട്ടറി യുസുഫ് മാട്ടൂല്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അഭിനന്ദനം രേഖപ്പെടുത്തി അദ്ദേഹം സംസാരിച്ചു.