ഐസ്‌വാള്‍: വിജയം നിര്‍ബന്ധമായ പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയേ പോയി കേരളാ എഫ്.സിയും. ഇവിടെ രാജിവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് നിര്‍ണായക പോരാട്ടത്തില്‍ ആദ്യം ഗോളടിച്ചിട്ടും കേരളാ എഫ്.സി 1-3ന് നിലവിലെ ചാമ്പ്യന്മാരായ ഐസ്‌വാളിനോട് തോറ്റു. ഒരു മല്‍സരം മാത്രം ശേഷിക്കുന്ന കേരളാ ടീമിന് ഇതോടെ സൂപ്പര്‍ കപ്പ് സാധ്യതയും തുലാസിലായി. തുടര്‍ച്ചയായി മൂന്ന് വിജയങ്ങളും ഒരു സമനിലയുമായി കരുത്തോടെ കളിക്കളത്തിലിറങ്ങിയ ബിനു ജോര്‍ജ്ജിന്റെ സംഘം ആദ്യ പകുതിയില്‍ നന്നായി കളിച്ചു. പെനാല്‍ട്ടി കിക്കില്‍ നിന്നും മഹമൂദ് അല്‍ അജിമി ആദ്യ ഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ നാട്ടുകാരുടെ ആര്‍പ്പുവിളിയില്‍ ഐസ്‌വാള്‍ തിരിച്ചെത്തി. ലിയോണ്‍ ഡോഡോസ് അമ്പത്തിയൊമ്പതാം മിനുട്ടില്‍ സമനില നേടി. 78-ാം മിനുട്ടില്‍ ഡോഡോസ് തന്നെ ടീമിന് ലീഡും സമ്മാനിച്ചു. ഈ ഗോള്‍ പിറന്ന് നാല് മിനുട്ടിന് ശേഷം ലാല്‍പുയിവാമിയ ഐസ്‌വാളിന്റെ മൂന്നാം ഗോളും നേടി. ലീഗിലെ അവസാന മല്‍സരത്തില്‍ കേരളാ ടീം ചൊവ്വാഴ്ച്ച മോഹന്‍ ബഗാനുമായി കോഴിക്കോട്ട് കളിക്കും. 17 മല്‍സരങ്ങളില്‍ നിന്നും 20 പോയന്റാണ് കേരളത്തിന്റെ സമ്പാദ്യം.