സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി. കേരളീയം പരാജയമാണ്. കേരളത്തെ ലോകത്തിനു മുന്നില്‍ പ്രൊജക്ട് ചെയ്യുന്നതില്‍ കേരളീയം പരാജപ്പെട്ടു. വലിയ സംഖ്യ ചിലവഴിച്ചിട്ട് കേരളീയത്തിന്റെ ഫലം എന്താണെന്നും അദ്ദേഹം ചോദിച്ചു. കേരളീയം ദൂര്‍ത്താണെന്ന് യുഡിഎഫ് പറഞ്ഞത് കൃത്യമാണ്. എല്ലാം കാട്ടിക്കൂട്ടലുകളായിരുന്നു എന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം പി മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിരവധി നേതാക്കളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമടക്കം കേരളീയം പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേരളം അഭിമാനമാണ് എന്നാല്‍ കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്നായിരുന്നു വി ഡി സതീശന്റെ പറഞ്ഞിരുന്നു. കോടികളുടെ കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് ധൂര്‍ത്ത്. കോടികള്‍ ചെലവഴിച്ചാണ് പരിപാടി നടത്തുന്നത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങി. സപ്ലൈകോയും കെഎസ്ആര്‍ടിസിയും പ്രതിസന്ധിയിലാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. കിറ്റ് കൊടുത്തതിന്റെ പണം നല്‍കാനുണ്ട്. വൈദ്യുതി ബോര്‍ഡില്‍ അഴിമതിയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ലാഭത്തിലാക്കിയ ബോര്‍ഡ് ഇപ്പോള്‍ നഷ്ടത്തിലാണ്. അന്നത്തെ കരാര്‍ റദ്ദാക്കി ഇപ്പോള്‍ പുനഃസ്ഥാപിക്കേണ്ടി വന്നു. കെഎസ്ഇബിക്ക് നാല്‍പ്പതിനായിരം കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.