X

നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താന്‍ സാധ്യത; സമ്മതിദാനം ശേഖരിക്കാനൊരുങ്ങുന്നത് പുത്തന്‍തലമുറ വോട്ടിങ് യന്ത്രങ്ങള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കും. ഏപ്രില്‍ അവസാനവും മേയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. കേരളം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചുമുള്ള ധാരണ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്.

തീയതി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഇതിനായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ചര്‍ച്ചനടത്തും.

അതേസമയം, ഈ തവണ സമ്മതിദാനം ശേഖരിക്കാനൊരുങ്ങുന്നത് പുത്തന്‍തലമുറ എം 3 വോട്ടിങ് യന്ത്രങ്ങളാണ്. വോട്ടെടുപ്പിനിടെ തകരാര്‍ സംഭവിക്കാനുള്ള സാധ്യത തീരെക്കുറവുള്ള ഇവ തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്നു. നിലവിലേതിനെക്കാള്‍ വീതി കുറഞ്ഞതും നീളം കൂടിയതുമാണിത്. പ്രവര്‍ത്തനരീതിയില്‍ മാറ്റമില്ല. നിലവിലെ വോട്ടിങ് യന്ത്രത്തില്‍ പരമാവധി നാല് ബാലറ്റിങ് യൂണിറ്റുകളാണ് ഘടിപ്പിക്കാനാകുക. എം3 യില്‍ 24 ബാലറ്റിങ് യൂണിറ്റുകള്‍ ബന്ധിപ്പിക്കാം.

അനധികൃതമായി തുറക്കാന്‍ ശ്രമിച്ചാല്‍ പ്രവര്‍ത്തനരഹിതമാകും. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ യന്ത്രത്തെ ഓണ്‍ലൈനിലൂടെ പരിശോധിക്കാം. ഹാര്‍ഡ്‌വേറിലോ, സോഫ്റ്റ്‌വേറിലോ മാറ്റം വന്നാല്‍ തിരിച്ചറിയാനാകും. ഒരുശതമാനത്തില്‍ താഴെയാണ് ഇവയുടെ തകരാര്‍സാധ്യത. ഒരു ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തി. ഇവയുടെ പരിശോധന 26 മുതല്‍ തുടങ്ങും. ഭെല്ലിലെ എന്‍ജിനിയര്‍മാരും സാങ്കേതികവിദഗ്ധരുമാണ് നേതൃത്വം നല്‍കുന്നത്.

 

Test User: