X

കത്തുന്ന വേനലില്‍ പൊള്ളുന്ന കേരളം-എഡിറ്റോറിയല്‍

വേനലിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ കേരളം അത്യുഷ്ണത്തില്‍ വെന്തുരുകി തുടങ്ങിയിരിക്കുന്നു. പതിവിന് വിപരീതമായി സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. ചിലയിടങ്ങളില്‍ പകല്‍ സമയത്ത് 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് അന്തരീക്ഷ താപനില. കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം കൊല്ലം പുനലൂരില്‍ 38.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 39.3 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വേനലിന്റെ ആരംഭഘട്ടത്തില്‍ ഇത്രയും ചൂട് പതിവില്ല. അത്യുഷ്ണവും അനുബന്ധമായി കൊടും വരള്‍ച്ചയുമാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് ചുരുക്കം. ആശ്വാസക്കുളിര് പകര്‍ന്ന് വേനല്‍ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉടനുണ്ടാകുമോ എന്ന് പറയാനാവില്ല.

അടുത്ത രണ്ടര മാസം വേനല്‍ കനക്കുമെന്നതുകൊണ്ട് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. വരള്‍ച്ചയും കുടിവെള്ള ക്ഷാമവും ജനങ്ങള്‍ക്കുമേല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കപ്പെടുമെന്നതോടൊപ്പം ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും. ഇപ്പോള്‍ തന്നെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. അടുത്ത ആഴ്ചകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് ഉറപ്പാണ്. അതിനെ നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയതായി അറിവില്ല. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും വണ്ടിയിലും മറ്റും വെള്ളമെത്തിച്ചാണ് ജനങ്ങള്‍ വേനലിനെ നേരിടാറുള്ളത്. ഇന്ധന വില വര്‍ദ്ധനവും മറ്റുമായി ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് വലിയ വില കൊടുത്ത് വെള്ളം വാങ്ങുന്നതിനെക്കുറിച്ച് ഊഹിക്കാന്‍ പോലുമാകില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങാന്‍ സമയമായിരിക്കുന്നു. സ്വകാര്യ ഏജന്‍സികള്‍ തോന്നിയതുപോലെ വില ഈടാക്കുന്ന സാഹചര്യം ഒഴിവാക്കണം. അതോടൊപ്പം വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ എത്തിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മയും ഉറപ്പാക്കേണ്ടതുണ്ട്. വേനല്‍ക്കാലത്ത് വറ്റിത്തുടങ്ങിയ ജലസ്രോതസ്സുകള്‍ മലിനമാകാനുള്ള സാധ്യത ഏറെയാണ്. മലിനജലം കുടിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതുകൊണ്ട് ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കടുത്ത ചൂടില്‍ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് ജോലി സമയം ക്രമീകരിച്ച് ജോലി ചെയ്യാനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. ഉച്ച സമയത്തെ ജോലികള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും വഴിയോര കച്ചവടക്കാരെയും ടാക്‌സി ഡ്രൈവര്‍മാരെയും മറ്റും അത് ഏറെ ബാധിക്കും. ചൂടിനെത്തുടര്‍ന്ന് ജോലിക്കു പോകാന്‍ സാധിക്കാത്തവരുടെ എണ്ണം കൂടുമെന്നതുകൊണ്ട് ഭക്ഷ്യസഹായം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. അത്യുഷ്ണം കാരണം പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കേരളം എത്തിയിരിക്കുന്നത്.

കുറച്ചു വര്‍ഷങ്ങളായി കാലാവസ്ഥാ വ്യതിയാനവും അനുബന്ധ ദുരന്തങ്ങളും കേരളത്തെ വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്. കാലംതെറ്റിയുള്ള അത്യുഷ്ണവും മേഘവിസ്‌ഫോടനത്തിന് സമാനമായ പേമാരിയും നല്‍കുന്ന സൂചനകള്‍ ഒട്ടും ശുഭകരമല്ല. പ്രകൃതിക്ക് വില കല്‍പ്പിക്കാതെ ഭൗതിക നേട്ടങ്ങള്‍ക്കു പിന്നാലെ ഓടുന്ന വ്യഗ്രതയില്‍ നമ്മെ തേടിയെത്തുന്നത് വന്‍ ദുരന്തങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ചൂടിനോടൊപ്പം അതിശക്തമായ മഴയും ക്രമരഹിതമായ കാലവര്‍ഷവും കൊടുങ്കാറ്റുകളും രാജ്യത്തെ കാത്തിരിക്കുന്നു. ഇപ്പോഴത്തെ അത്യുഷ്ണവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. പക്ഷെ, അതേക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളോ ഗൗരവപൂര്‍വ്വമായ ആലോചനകളോ ഉണ്ടാകുന്നില്ല. പ്രത്യേകിച്ചും ഇന്ത്യയില്‍ അത്തരം ചിന്തകളോട് അധികൃതര്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.

കഠിനമായ കാലാവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് വന്‍ പ്രളയങ്ങളെ അഭിമുഖീകരിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ കെടുതികളില്‍നിന്ന് മുക്തരാകാന്‍ ഇനിയും ഏറെ സമയമെടുക്കും. അതോടൊപ്പം വരള്‍ച്ചകളെക്കൂടി നേരിടാനുള്ള ശേഷി സംസ്ഥാനത്തിനില്ല. കനത്ത മഴക്കും പ്രളയങ്ങള്‍ക്കും പിന്നാലെ കടുത്ത വരള്‍ച്ചകള്‍ക്കും സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങളെ നിസ്സാരമായി കാണരുത്. വരള്‍ച്ചാ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് മഴക്കാലത്തെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സജീവമായി പഠിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

Test User: