കൊല്‍ക്കത്ത: തുടര്‍ച്ചയായ നാലാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ ഒരു ഗോളിന് തോല്‍പിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.
സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കുമ്പോള്‍ കെ.പി രാഹുല്‍ നേടിയ ഗോളാണ് കേരളത്തിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് എയില്‍ ബംഗാളിനെ പിന്തള്ളി കേരളം ചാമ്പ്യന്‍മാരായി.
ആദ്യ മത്സരത്തില്‍ ചാണ്ഡീഗഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത കേരളം രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് തകര്‍ത്തത്. മൂന്നാം മത്സരത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെമി ഉറപ്പാക്കുകയും ചെയ്തു.