കൊച്ചി: അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് കാറ്റും മഴയും രൂക്ഷമായി തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
കണ്ണൂര്‍ തലായിയില്‍ മീന്‍പിടിത്തത്തിനു പോയ 3 പേരെ കാണാതായി, എറണാകുളം ജില്ലയില്‍ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേര്‍ മരിച്ചു. പെരിയാറില്‍ ഒരാളെ കാണാതായി. വിവിധ തീര ജില്ലകളില്‍ കടലാക്രമണത്തില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു. കനത്ത മഴയും കടലാക്രമണവും രൂക്ഷമായതോടെ നൂറു കണക്കിന് കുടുംബങ്ങളെയാണ് ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചത്.