പത്തനംതിട്ട: കോവിഡ് വ്യാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആശ്വസിയ്ക്കാനുള്ള വക നല്‍കി ഒരു പുതിയ വാര്‍ത്ത. ഈ മാസം പകുതിയോടെ കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങെന്ന് പ്രശസ്ത വൈറോളജിസ്റ്റും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ക്ലിനിക്കല്‍ വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. ടി. ജേക്കബ് ജോണ്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഏതാനും ദിവസങ്ങള്‍ കൂടി കേസുകളുടെ എണ്ണം വര്‍ധിക്കും. ശേഷം കുറയാന്‍ തുടങ്ങും. വളരെ പെട്ടെന്നു കുറയുമെന്ന് കരുതരുത്. ഒരു മലകയറിയിറങ്ങുന്നതുപോലെയാണ് ഈ ഗ്രാഫ്. ഇപ്പോള്‍ തുടരുന്ന അതീവ ജാഗ്രത ഒട്ടും കുറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്നു. ലാബ് പരിശോധനയില്‍ പോസിറ്റീവായി കണ്ടുപിടിക്കപ്പെടുന്ന ഓരോ സാംപിളിന്റെയും ഉടമ കുറഞ്ഞത് 30 മുതല്‍ 80 വരെ ആളുകളിലേക്ക് വൈറസിനെ കടത്തിവിട്ടിട്ടുണ്ടാകാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സിറോ സര്‍വേയിലൂടെ കണ്ടെത്തിയത്.
കേരളത്തില്‍ ഇത് ശരാശരി 50 പേരിലേക്ക് ആണെന്നു തല്‍ക്കാലം കണക്കാക്കുക. അങ്ങനെ നോക്കിയാല്‍ രണ്ടു ലക്ഷത്തിന്റെ 50 ഇരട്ടി ആളുകളില്‍ ലക്ഷണമൊന്നും കാണിക്കാതെ കോവിഡ് വന്നുപോയിട്ടുണ്ടാവാം. ഇത് ഏകദേശം ഒരുകോടിയോളം വരും. കേരളത്തിലെ ആകെ ജനസംഖ്യ 3.38 കോടിയെന്നു കണക്കാക്കിയാല്‍ ഏകദേശം 29 ശതമാനം ജനങ്ങള്‍ക്ക് ഇതുവരെ വൈറസ് ബാധിച്ചു. ആകെ ജനസംഖ്യയുടെ 30 ശതമാനത്തെ ബാധിക്കുന്നതോടെയാണ് ഒരു പകര്‍ച്ചവ്യാധിക്ക് എതിരെ ഒരു സമൂഹം സാമൂഹിക പ്രതിരോധം (ഹെര്‍ഡ് ഇമ്മ്യൂണിറ്റി) ആര്‍ജിക്കുന്നത്. കേരളം ഇപ്പോള്‍ ഈ ഘട്ടത്തിന്റെ പടിവാതിലിലാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാസ്‌ക്, സാമൂഹിക അകലം, കൈകഴുകല്‍ തുടങ്ങിയ എല്ലാ ജാഗ്രതകളും കര്‍ശനമായി പിന്തുടരണം. രോഗം പൂര്‍ണമായും ഭേദമാകുന്നതു വരെ ഇപ്പോഴുള്ള ജാഗ്രത അതേ തോതില്‍ തുടരണം. 2020 മാര്‍ച്ചിലാണ് വൈറസ് കേരളത്തിലെത്തുന്നത്. ഈ മാസം മൂര്‍ധന്യത്തിലെത്തി കുറയാന്‍ തുടങ്ങും. 2021 മാര്‍ച്ച് ആകുമ്പോഴേക്കും നിയന്ത്രണവിധേയമാകുമെന്നാണ് അനുമാനം.
അതേസമയം, ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഒരിക്കലും വേണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ജനജീവിതം തടസ്സപ്പെടുത്തുന്ന നടപടികള്‍ ആവശ്യമില്ല. പ്രതിരോധം തുടര്‍ന്നാല്‍ മതി. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ മരണനിരക്ക് 0.36 മാത്രമാണ്. മറ്റിടങ്ങളില്‍ ഇത് 2 ശതമാനം വരെയാണ്- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വൈറസിന്റെ ഇതു രണ്ടാം വരവാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ച്ചില്‍ തുടക്കമിട്ട ആദ്യ ഘട്ടത്തില്‍ രോഗവ്യാപനം നന്നായി പിടിച്ചു നിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു. ഇതുമൂലം രണ്ടാംഘട്ടത്തില്‍ മരണനിരക്കു ഭയപ്പെട്ടതുപോലെ വര്‍ധിച്ചില്ലെന്നത് ആശ്വാസകരമാണ്. ഭാഗ്യമുണ്ടെങ്കില്‍ ഡിസംബറില്‍ തന്നെ വാക്‌സിന്‍ വന്നേക്കാം. വാക്‌സിന്‍ വന്നാല്‍ എങ്ങനെ സംഭരിക്കും സൂക്ഷിക്കും. ആദ്യം ആര്‍ക്കു നല്‍കും സൗജന്യമാക്കണോ എത്രതുക ഈടാക്കണം, കുട്ടികളുടെ വാക്‌സീന്‍ പദ്ധതിയിലെ 9 മരുന്നുകളുടെ ഭാഗമാക്കി പത്താം പ്രതിരോധ മരുന്നാക്കി കോവിഡ് വാക്‌സീനെ മാറ്റണോ തുടങ്ങിയ കാര്യങ്ങള്‍ കേരളം ആലോചിക്കണം. ഇതിനായി കര്‍മ പദ്ധതി തയാറാക്കണം. വൈറസ് ബാധിച്ചവര്‍ക്ക് വാക്‌സിന്‍ വേണ്ടാത്തതിനാല്‍ കൃത്യമായ പരിശോധനയിലൂടെ വാക്‌സീന്‍ വേണ്ടവരുടെയും വേണ്ടാത്തവരുടെയും പട്ടിക തയാറാക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.