ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. കേരളത്തിന് ഗുരുതരവീഴ്ച പറ്റിയെന്നും ഇതിന് കനത്തവില നല്‍കേണ്ടിവരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ‘സണ്‍ഡേ സംവാദ്’ പരിപാടിയിലാണ് വിമര്‍ശനം.
കോവിഡിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഉള്‍പ്പെടെ കേന്ദ്രമന്ത്രി വിശദീകരിക്കുന്ന പരിപാടിയാണ് ‘സണ്‍ഡേ സംവാദ്’. ഇതില്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് കേന്ദ്രമന്ത്രി കേരളത്തെ വിമര്‍ശിച്ചത്. സംസ്ഥാനം വരുത്തിയ ചില വീഴ്ചകളാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. തുടക്കത്തില്‍ രോഗത്തെ പിടിച്ചു നിര്‍ത്തിയ ശേഷമാണ് ഇപ്പോഴത്തെ വ്യാപനം. ഇതിന് സംസ്ഥാനം വലിയ വില നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനം ഒറ്റക്കെട്ടായാണ് കോവിഡിനെതിരെ പൊരുതിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ട് കോവിഡ് പ്രതിരോധനടപടികളെ അട്ടിമറിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ തീരുമാനങ്ങളാണ് പിന്നീട് സംസ്ഥാനം കണ്ടത്. എല്ലാ മാനദണ്ഡങ്ങളും മുഖ്യമന്ത്രി സ്വയം തീരുമാനിച്ച് പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് പ്രതിരോധത്തില്‍ ഇപ്പോഴും സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.