X

കേരളകോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്: പി.ജെ ജോസഫും മോന്‍സും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് വിട്ടുനിന്നു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സി.പി.എം കൂട്ടുകെട്ടിനെച്ചൊല്ലി അസ്വാരസ്യം മുറുകുന്നതിനിടെ നടന്ന കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നു. ഇന്നലെ വൈകീട്ട് കോട്ടയത്താണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നത്. ഇതിനിടെ കെ.എം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരെ കോണ്‍ഗ്രസും നിലപാട് കടുപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ മാണിക്കും മകനുമെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. രാഷ്ട്രീയ വഞ്ചനയാണ് കേരളാ കോണ്‍ഗ്രസ് നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് ഡിസിസി പ്രമേയം പാസാക്കിയതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. വ്യാഴാഴ്ച നിലപാട് മയപ്പെടുത്തിയ പ്രസ്താവന കെ.എം മാണിയില്‍ നിന്നുണ്ടായെങ്കിലും ഇന്നലെ വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ജോസ് കെ മാണി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയതോടെ, ഇതും ഡിസിസി യോഗത്തില്‍ ചര്‍ച്ചക്കിടയാക്കി. സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചത് പ്രാദേശിക കാരണങ്ങള്‍ കൊണ്ടാണെന്ന കെ.എം മാണിയുടെ നിലപാട് ഡിസിസി യോഗം തള്ളിക്കളഞ്ഞു.

chandrika: