X

സി.പി.ഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി; കാനത്തിനു മറുപടിയുമായി മാണി

കോട്ടയം: കേരള കോണ്‍ഗ്രസ്-എം വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്.
സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇടതു മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന ആശങ്കയാണ് സി.പി.ഐയ്ക്ക്. നിരവധി മഹാരഥന്‍മാര്‍ നയിച്ച പാര്‍ട്ടിയാണ് സിപിഐ. എന്നാല്‍ ഇന്ന് ഒറ്റയ്ക്കുനിന്ന് ഒരു സീറ്റുപോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി സിപിഐ മാറിയിരിക്കുന്നു. കേരള കോണ്‍ഗ്രസിനേക്കാളും വലിയ പാര്‍ട്ടിയല്ല സിപിഐ. കാനത്തിന് ഇതിലൂം കൂടുതല്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് മുന്നണിപ്രവേശനം ഇപ്പോള്‍ അജന്‍ഡയിലില്ല. യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും ക്ഷണത്തിന് നന്ദി. ഇപ്പോഴത്തെ സ്വതന്ത്ര നിലപാടില്‍ മാറ്റവുമില്ല. പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കും. യുഡിഎഫില്‍ ചേരാന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്ലാ മുന്നണികളോടും സമദൂരമാണ് പാര്‍ട്ടിക്കുള്ളതെന്നും മാണി പറഞ്ഞു.

chandrika: