X

വീണ്ടും പിളര്‍പ്പ്; ഇത്തവണ മാണിയില്ല- കേരള കോണ്‍ഗ്രസിന് എന്തു സംഭവിക്കും?

വളരുന്തോറും പിളരും, പിളരുന്തോറും വളരും എന്നത് രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് മാത്രമുള്ള ചൊല്ലാണ്. അത്രയ്ക്ക് പിളര്‍പ്പിനും വളര്‍ച്ചയ്ക്കും സാക്ഷിയായിട്ടുണ്ട് കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയകക്ഷി. ഇപ്പോഴിതാ, ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്ന് എല്‍ഡിഎഫിനൊപ്പം പോകുകയാണ്. കെഎം മാണിയെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തു പോകുന്നത്. ഒരിക്കല്‍ കൂടി ഒരു പിളര്‍പ്പ് യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്ന് ചുരുക്കം.

കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്. പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള സംഘടനാപരമായ പ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ പുതിയ പിളര്‍പ്പിലേക്ക് നയിക്കുന്നത്.

കെഎം മാണി

ബാര്‍കോഴക്കേസില്‍ കെഎം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തിന്റെ ആലയിലേക്കാണ് ജോസ് കെ മാണി പക്ഷം പോകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അക്കാലത്ത് കരിങ്കൊടിയും വഴി തടയലുമായാണ് സിപിഎം കെ എം മാണിയെ വരവേറ്റിരുന്നത്. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്ന വേളയില്‍ സഭയിലെ അന്തസ്സിനെ തന്നെ കളങ്കപ്പെടുത്തും വിധം ഇടതുപക്ഷം അഴിഞ്ഞാടിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായിരുന്നു.

ബാര്‍ കേസിലെ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ബാര്‍ കേസില്‍ ഗൂഢാലോചന ആരോപിച്ച് 2016 ഓഗസ്റ്റില്‍ ചരല്‍ക്കുന്ന് ക്യാമ്പിന് ശേഷം കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി യുഡിഎഫിലേക്ക് തിരിച്ചെത്തി. ഒഴിവു വന്ന രാജ്യസഭാ കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കി. ജോസ് കെ മാണി ആ സീറ്റില്‍ നിന്ന് രാജ്യസഭയിലെത്തുകയും ചെയ്തു. ഇടതുപക്ഷത്തേക്ക് കൂടുമാറിയതിനു പിന്നാലെ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

പിളര്‍പ്പുകളുടെ ചരിത്രം

1963ലെ പീച്ചി സംഭവവും അതേത്തുടര്‍ന്നുണ്ടായ, ആഭ്യന്തര മന്ത്രി പിടി ചാക്കോയുടെ രാജിയുമാണ് കേരള കോണ്‍ഗ്രസിന് വിത്തിട്ടത്. രാജിക്ക് പിന്നാലെ 1964 സെപ്തംബര്‍ രണ്ടിന് പതിനഞ്ച് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കെഎം ജോര്‍ജ്, തോമസ് ജോണ്‍, കെ നാരായണക്കുറുപ്പ്, ടി കൃഷ്ണന്‍, എംഎ ആന്റണി, പി ചാക്കോ, ആര്‍ രാഘവമേനോന്‍, ആര്‍ ബാലകൃഷ്ണപിള്ള, ടിഎ ധര്‍മരാജയ്യര്‍, എം രവീന്ദ്രനാഥ്, എന്‍ ഭാസ്‌കരന്‍ നായര്‍, സിഎ മാത്യു, വയലാ ഇടിക്കുള, കുസുമം ജോസഫ്, കെആര്‍ സരസ്വതി അമ്മ എന്നിവരാണ് രാജിവച്ചവര്‍. ഇതില്‍ ഏതാനും പേര്‍ ചേര്‍ന്നാണ് പിന്നീട് കേരള കോണ്‍ഗ്രസിന് രൂപം നല്‍കിയത്. പിടി ചാക്കോയുടെ മരണ ശേഷം.

പി ടി ചാക്കോ

കേരളാ പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണ സമിതി എന്ന പേര് ആദ്യ ഘട്ടത്തില്‍ സ്വീകരിച്ചെങ്കിലും പിന്നീട് അതു ചുരുക്കി കേരളാ കോണ്‍ഗ്രസ് എന്നാക്കി. 1964 ഒക്ടോബര്‍ ഒമ്പതിന് കേരളാ കോണ്‍ഗ്രസിന്റെ ഈറ്റില്ലമെന്ന് ഇന്ന് അറിയപ്പെടുന്ന കോട്ടയം ജില്ലയിലെ തിരുനക്കര മൈതാനത്തു വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി.

ശേഷം സഭ ചേരാതിരുന്ന 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റ് നേടിയിരുന്നു. ആ നേട്ടം പിന്നീട് സ്വന്തമാക്കാനായിട്ടില്ല. അതിനു ശേഷം ഇന്നുവരെ കേരളാ കോണ്‍ഗ്രസ് പിളര്‍ന്നത് പത്തിലേറെ തവണയാണ്. ആദ്യ പിളര്‍പ്പ് 1977ലായിരുന്നു. ആര്‍. ബാലകൃഷ്ണ പിള്ള വക. അങ്ങനെ കേരളാ കോണ്‍ഗ്രസ് (ബി) ജനിച്ചു. രണ്ടാം പിളര്‍പ്പ് 1979ല്‍. പാലായിലെ തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് മാണിക്ക് 1977ല്‍ മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. അതേത്തുടര്‍ന്ന് പി.ജെ ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി. പിന്നീട് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയില്‍ മാണി കേരള കോണ്‍ഗ്രസ് എമ്മിന് രൂപം നല്‍കി. അടിയന്തരാവസ്ഥയ്ക്ക് ശേഷം മാണിയും പിള്ളയും ഇടതുപക്ഷത്തെത്തി. ജോസഫ് യുഡിഎഫിലും. 1982ല്‍ മൂന്നു പേരും ഐക്യജനാധിപത്യ മുന്നണിയില്‍ ഒന്നിച്ചെത്തുകയും ചെയ്തു.

ജോസഫും ജോസ് കെ മാണിയും

1985ല്‍ മാണിയും ജോസഫും ഒന്നിച്ചത് കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി. യുഡിഎഫിലെ വലിയ ശക്തിയാകുകയും നാലു മന്ത്രിപദം വരെ പാര്‍ട്ടി കൈവശം വയ്ക്കുകയും ചെയ്തു. 1987ല്‍ ജോസഫ് പാര്‍ട്ടി വിട്ടു. എന്നാല്‍ അന്നു വരെ ജോസഫിനൊപ്പമുണ്ടായിരുന്ന ടിഎം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു. ജോസഫ് എല്‍ഡിഎഫിലേക്ക് ചേക്കേറി.

1993ല്‍ വീണ്ടും പിളര്‍പ്പ്. ടിഎം ജേക്കബാണ് തെറ്റിപ്പിരിഞ്ഞത്. കേരള കോണ്‍ഗ്രസ് (ജെ) രൂപം കൊണ്ടു. പിന്നീട് ബാലകൃഷ്ണ പിള്ള നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. ജോസഫ് എം പുതുശ്ശേരി മാണി പാളയത്തിലെത്തി. 2001ല്‍ മാണിയുമായി ഇടഞ്ഞ് പിടി ചാക്കോയുടെ മകന്‍ പിസി തോമസ് ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുണ്ടാക്കി. 2004ല്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു. പിന്നീട് പിജി ജോര്‍ജിന്റെ ഊഴമായിരുന്നു, 2003ല്‍. ജോസഫുമായി തെറ്റിപ്പിരിഞ്ഞ ജോര്‍ജ് കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഉണ്ടാക്കി.

ആര്‍ ബാലകൃഷ്ണപിള്ള

ഇതിനിടെ ലയനശ്രമങ്ങളുണ്ടായി പലകുറി. പിസി തോമസും പി സി ജോര്‍ജും പിള്ളയും മാണിയുമെല്ലാം ലയനച്ചര്‍ച്ചകള്‍ അങ്ങോട്ടുമിങ്ങോട്ടും നടത്തിയെങ്കിലും പലതും യാഥാര്‍ത്ഥ്യമായില്ല. പിള്ള ഇപ്പോഴും അങ്ങനെ നില്‍ക്കുന്നു. അതിനിടെ, പിസി ജോര്‍ജ് തിരികെ വന്ന് വീണ്ടും ഇറങ്ങിപ്പോയി. അതിനിടെ, 2010ല്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ ജോസഫ്-മാണി ലയനം യാഥാര്‍ത്ഥ്യമായി. രണ്ടരപ്പതിറ്റാണ്ട് നീണ്ട ശത്രുത മറന്നായിരുന്നു ഇരുവരും പരസ്പരം കൈ കൊടുത്തത്.

അതിനിടെ, 2015ല്‍ ബാര്‍കോഴ വിവാദം. പിജി ജോര്‍ജ് ഇതോടെ പാര്‍ട്ടിവിട്ടു. കേരള ജനപക്ഷം എന്ന പേരില്‍ വീണ്ടും പാര്‍ട്ടി രൂപീകരിച്ചു. തൊട്ടടുത്ത വര്‍ഷം വീണ്ടും പിളര്‍പ്പ്. ഇത്തവണ പുറത്തു പോയത് പാര്‍ട്ടി സ്ഥാപകന്‍ കെഎം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്. അങ്ങനെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പിറവിയെടുത്തു. അങ്ങനെയിരിക്കെയാണ് മാണിയുടെ മരണവും പിന്നീട് ജോസ് കെ മാണിയും ജോസഫും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്. തൊട്ടുപിന്നാലെ അനിവാര്യമായ വിധി പോലെ പിളര്‍പ്പും.

 

 

Test User: