ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പിന്തുണക്കു പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫില്‍ തിരിച്ചെത്തും. ന്യൂഡല്‍ഹിയില്‍ നടന്ന യു.ഡി.എഫ് നേതാക്കളുടെയും ജോസ് കെ മാണിയുടെയും ചര്‍ച്ച ഫലപ്രദമാണെന്നാണ് വിവരം. നാളെത്തെ ചര്‍ച്ചക്കു ശേഷം സംസ്ഥാനത്ത് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ജോസ്.കെ മാണിയെ രാഹുല്‍ഗാന്ധി ക്ഷണിച്ചത് നല്ല സൂചനയാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഡല്‍ഹിയിലെ ചര്‍ച്ച മുന്നണി പ്രവേശനം സംബന്ധിച്ച് കേരളത്തില്‍ നടന്ന ചര്‍ച്ചകളുടെ പിന്തുടര്‍ച്ചയാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാഹുല്‍ഗാന്ധി ഇന്ന് ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങുന്നതിന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് മുന്‍കൈയെടുത്തത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ അനുകൂല സൂചന കിട്ടി. പി.കെ കുഞ്ഞാലിക്കുട്ടിയും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
രാത്രിയോടെ ജോസ് കെ മാണി കേരള ഹൗസിലെത്തി യു.ഡി.എഫ് നേതാക്കളെ കണ്ടു. രാഹുല്‍ഗാന്ധി ജോസ് കെ മാണിയെ കൂടിക്കാഴ്ചക്കു വിളിച്ചതോടെ മുന്നണി പ്രവേശനം ഉറപ്പാകുകയായിരുന്നു.