X

യു.ഡി.എഫിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കും: പി.ജെ ജോസഫ്

തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ 20 സ്ഥാനാര്‍ത്ഥികളെയും വിജയിപ്പിക്കുന്നതിന് സജീവമായി രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശയില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം.) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കേണ്ടത് ആവശ്യമാണ്. കേരളാ കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ജോസഫ് തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത രീതിയിലല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നത്. അന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് ജോസ് കെ മാണിയെ തെരഞ്ഞെടുത്തത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ രീതി പാര്‍ട്ടി അവലംബിക്കാത്തത് ഇരട്ട നീതിയാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടം തുടരും. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ മല്‍സരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന് യു.ഡി.എഫ് അനുവദിച്ചത് കോട്ടയം സീറ്റ് മാത്രമാണ്. ഈ സീറ്റില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും യു.ഡി.എഫ് നേതാക്കളുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. കോണ്‍ഗ്രസ് ചിഹ്നത്തില്‍ ഇടുക്കിയില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശം വച്ചെങ്കിലും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചിഹ്നത്തിലല്ലാതെ മല്‍സരിക്കാന്‍ തയ്യാറല്ലെന്ന് താന്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റു കാര്യങ്ങള്‍ ചര്‍ച്ച നടത്തി പരിഹരിക്കാമെന്ന് യു.ഡി.എഫ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി,ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല എന്നിവര്‍ ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നത്. കേരളത്തിന്റെ സാമ്പത്തിക വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഫ്രീ ഇക്കണോമിക് സോണ്‍ വേണമെന്നും കര്‍ഷകരുടെ പുരോഗതിക്കും കാര്‍ഷിക മേഖലയുടെ വികസനത്തിനും വേണ്ടി പോരാടുമെന്നും പി.ജെ ജോസഫ് പറഞ്ഞു. പത്ര സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ടി.യു കുരുവിള, പ്രൊഫ. എം.ജെ ജേക്കബ്, അഡ്വ. ജോസി ജേക്കബ്, അഡ്വ. ജോസഫ് ജോണ്‍ എന്നിവരും പങ്കെടുത്തു.

web desk 1: