തിരുവന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എടത്തല പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ വിശദീകരണം.
കുറ്റക്കാരെ സംരക്ഷിക്കില്ല ,സംഭവത്തില്‍ പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. അദ്ദേഹം പൊലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ ചില തീവ്രസ്വഭാവമുള്ള സംഘടനകളുമുണ്ട്. പ്രതിപക്ഷം ഇതു ന്യായീകരിക്കാന്‍ ശ്രമിക്കുന്നതു നിര്‍ഭാഗ്യകരമാണ് പിണറായി പറഞ്ഞു. അതേസമയം, ഉസ്മാനെ മര്‍ദിച്ച പരാതിയില്‍ നാലു പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് എടത്തല കുഞ്ചാട്ടുകരയില്‍ മഫ്തിയില്‍ പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ ഉസ്മാന്റെ ബൈക്കിലിടിക്കുകയായിരുന്നു. പൊലീസുകാരുടെ കാറാണെന്ന് ഉസ്മാനോ കണ്ട് നിന്നവര്‍ക്കോ അറിയുമായിരുന്നില്ല. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഉസ്മാനും കാറിലുണ്ടായിരുന്ന പൊലീസുകാരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം രൂക്ഷമായതോടെ കാറിലുണ്ടായിരുന്നവര്‍ ഉസ്മാനെ മര്‍ദിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് മര്‍ദനത്തില്‍ ഉസ്മാന്റെ കവിളെല്ല് തകര്‍ന്നിരുന്നു.