X

കാലവര്‍ഷം 29ന് എത്തുമെന്ന് പ്രവചനം, അപകടകരമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം

സംസ്ഥാനത്ത് ഈമാസം 29ഓടെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ ഇന്നുമുതല്‍ കാലവര്‍ഷം ആരംഭിക്കും. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേയെത്തുമെന്ന് പ്രവചനമുണ്ടായിരുന്നു. കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്‍ദമാകും ഈ വര്‍ഷത്തെ മണ്‍സൂണിന്റെ ഗതി നിര്‍ണയിക്കുന്നത്.
അതേസമയം അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതിനാല്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ‘സാഗര്‍’ ചുഴലിക്കാറ്റിന് പിന്നാലെയാണ് അപകടകരമായ മറ്റൊരു ചുഴലിക്കാറ്റു കൂടി രൂപം കൊള്ളുന്നത്. ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തുനിന്ന് നീങ്ങിപ്പോകുന്നതിനാല്‍ ഇവിടെ കാലാവസ്ഥയില്‍ പ്രത്യേക മാറ്റങ്ങള്‍ അധികൃതര്‍ പ്രവചിക്കുന്നില്ല. ഞായറാഴ്ച രാവിലെ ലക്ഷദ്വീപിന് വടക്കായി രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അഞ്ചുദിവസത്തിനകം ചുഴലിക്കാറ്റായി ദക്ഷിണ ഒമാന്‍ വടക്കന്‍ യെമന്‍ തീരത്തേക്ക് നീങ്ങും. തെക്കേ അറബിക്കടലില്‍ കാറ്റിന് 65 കിലോമീറ്റര്‍വരെ വേഗമുണ്ടാകും. അതിനാല്‍ 21 മുതല്‍ 23 വരെ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍പിടിക്കാന്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപിന്റെ പരിസരത്തായതിനാല്‍ അവിടെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഈമാസം 10ന് ശേഷം തിരുവനന്തപുരം മുതല്‍ മംഗലൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളില്‍ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
1971 മുതലുള്ള 47 വര്‍ഷത്തെ കണക്കു നോക്കിയാല്‍ കൃത്യമായി ജൂണ്‍ ഒന്നിന് മഴ തുടങ്ങിയത് മൂന്നു വര്‍ഷങ്ങളില്‍ മാത്രമാണ്. 1980, 2000, 2013 വര്‍ഷങ്ങളിലാണിത്. മഴ ഏറ്റവും നേരത്തെയെത്തിയത് 2004ല്‍ ആയിരുന്നു- മേയ് 18ന്. ഏറ്റവും വൈകിയെത്തിയത് 1972ല്‍- ജൂണ്‍ 18ന്. 47 വര്‍ഷങ്ങളില്‍ ജൂണ്‍ ഒന്നിനോ അതിനു മുമ്പോ മഴ എത്തിയത് 20 വര്‍ഷങ്ങളില്‍ മാത്രം. ഇതില്‍ പത്തു വര്‍ഷങ്ങളില്‍ മേയ് 26ന് മുമ്പ് എത്തി. ബാക്കി 27 വര്‍ഷങ്ങളിലും ജൂണ്‍ ഒന്നിന് ശേഷമാണ് മഴയെത്തിയത്. ഇതില്‍ ഒന്‍പതു വര്‍ഷങ്ങളില്‍ ജൂണ്‍ അഞ്ചിന് ശേഷമാണ്. ഏറ്റവും നേരത്തെ തുടങ്ങിയ 2004ല്‍ 86 ശതമാനമായിരുന്നു മഴ. ഇത് ആ വര്‍ഷത്തെ വരള്‍ച്ചയിലേക്ക് നയിച്ചു. എന്നാല്‍ ഏറ്റവും വൈകി തുടങ്ങിയ 1983 ല്‍ 113 ശതമാനം മഴ ലഭിച്ചു.
എന്നാല്‍ ഇത്തവണ ജൂണില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് നിഗമനം.
ബംഗാള്‍ ഉള്‍ക്കടലിനേക്കാള്‍ അറബിക്കടല്‍ ചൂടു പിടിച്ചു കിടക്കുന്നതാണ് ഇന്ത്യന്‍ മണ്‍സൂണിന്റെ കരുത്ത്. ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ബംഗാള്‍ ഉള്‍ക്കടല്‍ തണുത്ത് നെഗറ്റീവ് ഐ.ഒ.ഡി രൂപപ്പെടുന്നതു ന്യൂനമര്‍ദങ്ങളെ മുക്കി മഴയുടെ മുനയൊടിക്കും. മഴ ദിവസങ്ങള്‍ കുറഞ്ഞ് പേമാരി പെയ്യുമെന്നു മാത്രമല്ല, എല്ലായിടത്തും മഴ എത്തുകയുമില്ല. ഐ.ഒ.ഡി മെല്ലെ പ്രതികൂലമാകുന്ന സ്ഥിതി രൂപപ്പെടുന്നതായാണ് സൂചന. ഇത് ഗുണകരമല്ല.
ഫെബ്രുവരി—മാര്‍ച്ച് മാസങ്ങളില്‍ ശീതകാലത്തെ വകഞ്ഞുമാറ്റി എത്തുന്ന പശ്ചിമവാതങ്ങള്‍ (വെസ്റ്റേണ്‍ ഡിസ്റ്റേര്‍ബന്‍സ്) ഏപ്രിലോടെ പഞ്ചാബ് വഴി ഇന്ത്യവിടും. അപ്പോഴേക്ക് ഉത്തരേന്ത്യ ചുട്ടുപഴുക്കാന്‍ തുടങ്ങും. 45 ഡിഗ്രിയില്‍ തിളച്ചുയരുന്ന വായു സൃഷ്ടിക്കുന്ന ശൂന്യസ്ഥലത്തേക്ക് നിറയാനാണു ദക്ഷിണ ധ്രുവത്തില്‍ കാത്തുകിടക്കുന്ന തണുത്ത വായു മധ്യരേഖയും പിന്നിട്ട് ആഫ്രിക്കന്‍ മുനമ്പില്‍ തട്ടി കിഴക്കോട്ടൊഴുകി മേയ് ഒടുവില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷമായി കേരളത്തിലെത്തുന്നത്.

chandrika: