കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്, പുതുച്ചേരി, കേരളം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചത്. ‘നവംബര്‍ 25, 26 തീയതികളില്‍ കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളില്‍ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നു കടലില്‍ പോകാന്‍ പാടില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കന്യാകുമാരി, തമിഴ്‌നാട്, പുതുച്ചേരി, തീരങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നു.