ഉത്തരേന്ത്യയിലെ അതിശൈത്യം കേരളത്തിലേക്കും നേരിയ തോതില്‍ വ്യാപിക്കുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ സാഹചര്യം വിലയിരുത്തുമ്പോള്‍ അടുത്ത 4 ദിവസത്തേക്ക് കേരളത്തില്‍ രാത്രി തണുപ്പുകൂടുമെന്ന് കേരള വെതര്‍. ഇന്‍ നിരീക്ഷിക്കുന്നു. ഈമാസം 7 വരെ കേരളത്തില്‍ വരണ്ട കാലാവസ്ഥയായിരിക്കും. കേരളതീരത്തോട് ചേര്‍ന്ന് കിഴക്കന്‍ മധ്യ അറബിക്കടലില്‍ ട്രഫ് രൂപപ്പെട്ടതിനാല്‍ അറബിക്കടലില്‍ നിന്ന് ഈര്‍പ്പം കൂടിയ കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കാത്തതിനാല്‍ മഴക്ക് സാധ്യയില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ നാളെ കൂടി ഒറ്റപ്പെട്ട മഴ തുടരും.
തണുപ്പിന് കാരണം
കഴിഞ്ഞ ഡിസംബര്‍ 29 ന് ഞങ്ങളുടെ പോസ്റ്റില്‍ 31 മുതല്‍ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുമെന്നും നാലു ദിവസത്തേക്ക് തണുപ്പു കൂടുമെന്നും വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ 10 ദിവസമായി റെക്കോര്‍ഡ് തണുപ്പാണ് അനുഭവപ്പെടുന്നത്. 50 വര്‍ഷത്തെ ഏറ്റവും കൂടിയ മൂന്നാമത്തെ ശൈത്യകാലമാണ് ഉത്തരേന്ത്യയിലേതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
പുതിയ സാഹചര്യം എന്ത്
വടക്കന്‍ അഫ്ഗാനിസ്ഥ്‌നു മുകളില്‍ 3.1 കി.മി ഉയരത്തിലായും വടക്കന്‍ പാകിസ്താനും ജമ്മു കശ്മിരിനും സമീപത്തായി 5.8 കി.മി ഉയരത്തിലുമായി രണ്ട് പശ്ചിമവാതം രൂപപ്പെട്ടിട്ടുണ്ട്. മെഡിറ്റേറിയന്‍ കടലില്‍ നിന്നുള്ള കാറ്റാണ് പശ്ചിമവാതം. തുര്‍ക്കിവഴിയെത്തുന്ന ഹിമക്കാറ്റ് ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് വഴി ഉത്തരേന്ത്യയിലേക്ക് വീശുന്നതാണ് കൊടുംശൈത്യത്തിന് കാരണം.
കേരളത്തില്‍ കഴിഞ്ഞ ദിവസം വരെ ഈ കാറ്റ് ദക്ഷിണേന്ത്യയിലേക്ക് നീങ്ങി യിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വടക്കുകിഴക്ക് ദിശയില്‍ നിന്നുള്ള കാറ്റ് വടക്കന്‍ തമിഴ്‌നാട് വഴി കേരളത്തിലേക്ക് വീശുന്നുണ്ട്. തമിഴ്‌നാട് വഴിയാണ് എത്തുന്നതെന്നതിനാല്‍ കൂടുതല്‍ ശൈത്യം അനുഭവപ്പെടുക തമിഴ്‌നാട്ടിലാകും. ബംഗളൂരു, ഊട്ടി, കൊടൈക്കനാല്‍, ആന്ധ്രാപ്രദേശ്, വടക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളില്‍ നോര്‍മലില്‍ നിന്ന് നാലു ഡിഗ്രിവരെ രാത്രി താപനില കുറയാം. എന്നാല്‍ കേരളത്തില്‍ ഈ സീസണിലെ സാധാരണ താപനിലയില്‍ നിന്ന് പരമാവധി രണ്ടു ഡിഗ്രിവരെ മാത്രമേ തണുപ്പ് കുറയാന്‍ സാധ്യതയുള്ളൂ.
കോട്ടയത്ത് രാത്രി താപനില സാധാരണയില്‍ നിന്ന് 2.9 ഡിഗ്രി കുറഞ്ഞ് ഇന്നലെ 19.2 ഡിഗ്രി കുറഞ്ഞ താപനില രേഖപ്പെടുത്തി. കരിപ്പൂരില്‍ 1.2 ഉം തിരുവനന്തപുരത്ത് 1.6 ഉം ഡിഗ്രി താപനില കുറഞ്ഞു. കൊച്ചിയില്‍ 23 ഡിഗ്രിയും കോഴിക്കോട്ട് 22.8 ഡിഗ്രിയുമായിരുന്നു രാത്രി താപനില.