X

കേരള- കാലിക്കറ്റ് സര്‍വകലാശകള്‍ പരീക്ഷാഫീസ് കൂട്ടി

കേരള- കാലിക്കറ്റ് സര്‍വകലാശകള്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ് കൂട്ടി. കാലിക്കറ്റ് സര്‍വകലാശാലയാണ് ആദ്യം ഫീസ് കൂട്ടിയത്. തുടര്‍ന്ന് കേരള സര്‍വകലാശാലയും പരീക്ഷ ഫീസുകളില്‍ വര്‍ധനവ് വരുത്തുകയായിരുന്നു. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച്, ഓരോ വിദ്യാര്‍ഥിയും 1375 രൂപ മുതല്‍ 1575 രൂപ വരെ ഫീസിനത്തില്‍ നല്‍കേണ്ടി വരും. അതേസമയം ഇ-ഗ്രാന്റ്സ് ഉള്‍പ്പടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ നാളുകളായി മുടങ്ങിക്കിടക്കുയാണ്.

മൂന്ന് വര്‍ഷ ബിരുദ കോഴ്സുകളില്‍ പരീക്ഷ ഫീസ് 505 രൂപയായിരുന്നെങ്കില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളില്‍ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് 1375 രൂപ മുതല്‍ 1575 രൂപ വരെ ഫീസ് അടക്കേണ്ടി വരും. ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് കേരളാ സര്‍വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകള്‍ക്ക് ഒരു കോഴ്സിന് 150 രൂപ, ഇംപ്രൂവ്മെന്റിന് 200 രൂപ, സപ്ലിമെന്ററി പരീക്ഷക്ക് 300 രൂപ എന്നിങ്ങനെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകള്‍ക്ക് 250, 300, 350 എന്നിങ്ങനെയാണ് നിരക്ക്.

പരീക്ഷ മൂല്യനിര്‍ണയത്തിനുള്ള ഫീസായി 300 രൂപയും നല്‍കേണ്ടി വരും. സപ്ലിമെന്ററി മൂല്യനിര്‍ണയത്തിന് 500 രൂപയാണ് ഫീസ്. മാര്‍ക്ക് ഷീറ്റിന് 75 രൂപയും നല്‍കണം.

webdesk17: