X

മഞ്ഞക്കടലിന് നിരാശ ബാക്കി

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

ടീമെന്ന നിലയില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഐ.എസ്.എലില്‍ കൊല്‍ക്കത്തക്കെതിരായ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന വലിയ പാഠം. ലീഗ് ആരംഭിക്കുന്നതിനു മുമ്പുള്ള പരിശീലനങ്ങളിലൂടെയും സന്നാഹ മത്സരങ്ങളിലൂടെയും ബ്ലാസ്‌റ്റേഴ്‌സ് ഒരുമയുള്ള സംഘമായി മാറിയിട്ടുണ്ടെന്നായിരുന്നു മത്സരത്തിന് മുമ്പ് കോച്ച് റെനി മ്യലെന്‍സ്റ്റീന്‍ പറഞ്ഞത്. പക്ഷേ അത് കളത്തില്‍ കണ്ടില്ല. കളിവിരുന്ന് പ്രതീക്ഷിച്ചെത്തിയ അമ്പതിനായിരത്തോളം ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. സമനില വഴി ഒരു പോയിന്റ് നേടാനായെന്നതാണ് ഏക ആശ്വാസം. കൊല്‍ക്കത്ത കളിയിലുടനീളം ആക്രമണോത്സുകത കാണിച്ചപ്പോള്‍ ഇരുപകുതികളിലും ഊര്‍ജ്ജമില്ലാത്ത കളിയായിരുന്നു ആതിഥേയരുടേത്. കൊല്‍ക്കത്ത പന്തുമായി ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ മുഖത്തേക്ക് എത്തിയപ്പോഴൊക്കെ പ്രതിരോധ നിര ചിതറി നിന്നു.

കീഗന്‍ പെരേര, ഹിതേശ് ശര്‍മ്മ, സെക്വീഞ്ഞ എന്നിവരിലൂടെ പല തവണ ഗോളി റച്ചുബ്ക പരീക്ഷിക്കപ്പെട്ടു. പ്രതിരോധം ആടിയുലഞ്ഞപ്പോള്‍ ഗോളെന്നുറപ്പിച്ച ഒന്നിലേറെ ഷോട്ടുകള്‍ വലയിലെത്താതെ തടഞ്ഞ് ടീമിന്റെ രക്ഷകനായത് റച്ചുബ്കയായിരുന്നു. മധ്യനിരയെയും മുന്നേറ്റ നിരയെയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു പ്രതിരോധ നിരയുടേതെന്നും പറയാം. കളിയിലെ താരമായ ലാകിച് പെസിച്ചിനൊപ്പം നായകന്‍ സന്ദേശ് ജിങ്കാനും ഭേദപ്പെട്ട പ്രകടനം നടത്തി.

മധ്യനിരയില്‍ ഗോളടിക്കാന്‍ പാകത്തില്‍ ഒരു നീക്കവുമുണ്ടായില്ല. കറേജ് പെക്കൂസണും മിലന്‍ സിങും അധ്വാനിച്ചു കളിച്ചു, പന്ത് വിങിലേക്കും മുന്നേറ്റത്തിലേക്കും കൈമാറുന്നതില്‍ പെക്കൂസണിന് കൃത്യതയുണ്ടായില്ല. ലക്ഷ്യ ബോധമില്ലാത്ത നീക്കങ്ങളായിരുന്നു മിലന്‍ സിങിന്റേത്. സി.കെ വിനീതും അരാത്ത ഇസുമിയും നിരാശപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലെ ഒരു ഷോട്ടൊഴിച്ചാല്‍ അലക്ഷ്യമായ പന്തു തട്ടലായിരുന്നു വിനീതിന്റേത്. മറ്റൊരു മലയാളി താരമായ റിനോ ആന്റോയും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ലീഗിലെ തന്നെ ശ്രദ്ധേയ താരമായി വിലയിരുത്തപ്പെട്ട ബെര്‍ബറ്റോവില്‍ നിന്ന് ആവേശമുണര്‍ത്തുന്ന ഒരു ഗോള്‍ നീക്കം പോലുമുണ്ടായില്ല.

അലസനായ മാന്ത്രികന്‍ എന്ന് വിശേഷിക്കപ്പെടുന്ന താരത്തിന് മധ്യനിരയില്‍ നിന്നോ വിങില്‍ നിന്നോ കൃത്യമായ ഒരു പാസ് കിട്ടിയില്ലെന്നതും വസ്തുതയാണ്. ബെര്‍ബറ്റോയെ മാത്രം മുന്നില്‍ നിര്‍ത്തിയുള്ള മ്യൂലെന്‍സ്റ്റീനിന്റെ കളി തന്ത്രവും കളത്തില്‍ വിഫലമായി. ഒത്തൊരുമയില്ലാതെ പന്തു തട്ടിയ ടീം ഭാഗ്യം കൊണ്ടു മാത്രമാണ് കൊല്‍ക്കത്തക്കെതിരെ തോല്‍ക്കാതിരുന്നത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബി കീന്‍ കളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഏകപക്ഷീയമായി കളി ജയിക്കാന്‍ സന്ദര്‍ശകര്‍ക്കാവുമായിരുന്നു. മികച്ച നീക്കങ്ങള്‍ നടത്തിയ കൊല്‍ക്കത്തക്കാര്‍ക്ക് ഫിനിഷിങിലെ അഭാവമാണ് തിരിച്ചടിയായത്. ആശാവഹമായ പ്രകടനമായിരുന്നു കൊല്‍ക്കത്ത നിരയില്‍ യുവതാരം ഹിതേഷ് ശര്‍മ്മയുടേത്. 19 വയസു മാത്രമുള്ള ഹിതേഷ് 25ാം വയസിലെത്തുമ്പോള്‍ സൂപ്പര്‍ താരമായി മാറുമെന്ന് മത്സരത്തിന് ശേഷം പരിശീലകന്‍ ടെഡി ഷെറിങ്ഹാമിന്റെ പ്രവചനം. കേവലം ഒരു മത്സരത്തിലെ മാത്രം പ്രകടനം നോക്കി ടീമിനെ വിലയിരുത്താനാവില്ലെന്നത് ശരി തന്നെ. പക്ഷേ ഈ കളി കളിച്ചാല്‍ ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റെ കിരീട മോഹം പൂവണിയില്ലെന്നുറപ്പ്. പ്രതിരോധ കോട്ട കൂടുതല്‍ ഭദ്രമാകേണ്ടതുണ്ട്. മധ്യനിരയില്‍ നിന്ന് മികച്ച നീക്കങ്ങളുണ്ടായാല്‍ എതിര്‍വല നിറയും, ബെര്‍ബ മാജിക്കും കാണാം.

chandrika: