മഡ്ഗാവ്: 48,51,55- ഏഴ് മിനുട്ടിന്റെ ഇടവേളയില്‍ പിറന്ന മൂന്ന് ഗോളുകള്‍. മൂന്നും സുന്ദരവും അത്യാകര്‍ഷകവും. മൂന്നും സ്‌ക്കോര്‍ ചെയ്തത് കോറോ എന്ന ഫെറാന്‍ കോറോമിനസ് എന്ന സ്പാനിഷ് മാജിക്കല്‍ താരം. വട്ടപ്പൂജ്യമായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സിനെയും പൊട്ടത്തരങ്ങള്‍ കാട്ടിയ ഗോള്‍ക്കീപ്പറെയും സാക്ഷിയാക്കി നെഹ്‌റു സ്‌റ്റേഡിയത്തില്‍ എഫ്.സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ വിജയം 5-2ന് സ്വന്തമാക്കി. ആദ്യ പകുതിയില്‍ 2-2 ല്‍ നിന്ന മല്‍സരമാണ് രണ്ടാം പകുതിയുടെ തുടക്കത്തിലെ ഏഴ് മിനുട്ടുകളില്‍ തകിടം മറിഞ്ഞത്. കോറോയുടെ മിന്നല്‍ ഹാട്രിക്കില്‍ സന്ദേശ് ജിങ്കാന്‍ നയിച്ച് പ്രതിരോധം ചീട്ടുകൊട്ടാരമായി.
അമേച്വറിസം പോലും കാട്ടാത്ത പ്രതിരോധമായി അവര്‍ മാറിയപ്പോള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഗോവന്‍ കൊടികള്‍ വാനോളമുയര്‍ന്നു. കഴിഞ്ഞ മൂന്ന് മല്‍സരങ്ങള്‍ കൊച്ചിയിലെ സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ ആദ്യമായി കളിച്ച എവേ മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടിയിരുന്നു. സിനിയര്‍ താരം ബെര്‍ബറ്റോവിനെ തുടക്കത്തില്‍ തന്നെ പരുക്കില്‍ നഷ്ടമായപ്പോള്‍ എട്ടാം മിനുട്ടില്‍ കേരളത്തിന്റെ ഗോളെത്തി. ബെര്‍ബറ്റോവിന് പകരമിറങ്ങിയ മിലാന്‍ സിംഗ് ഇടത് വിംഗിലൂടെ കുതിച്ച് പാഞ്ഞ് നല്‍കിയ ക്രോസ് ഉപയോഗപ്പെടുത്തി സിഫനോസാണ് നിറയൊഴിച്ചത്. എന്നാല്‍ കേരളത്തിന്റെ ആഹ്ലാദം അടുത്ത മിനുട്ടില്‍ തന്നെ അവസാനിച്ചു. ലാന്‍ഡസോറാട്ടെ ഗോവക്കായി ഗോള്‍ മടക്കി. പതിനേഴാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ക്കീപ്പര്‍ കാട്ടിയ അബദ്ധം- എതിര്‍ താരത്തിന് പന്തടിച്ചു കൊടുത്തപ്പോള്‍ ഗോവക്ക് അപ്രതീക്ഷിത ലീഡ്. ലാന്‍സോറാട്ടെക്കായിരുന്നു ആ ഗോളിന്റെയും ഉടമസ്ഥാവകാശം. പക്ഷേ ജാക്കിചന്ദിന്റെ കുതിപ്പില്‍ മുപ്പതാം മിനുട്ടില്‍ കേരളം ഒപ്പമെത്തി.
പക്ഷേ രണ്ടാം പകുതിയിലായിരുന്നു സര്‍വ നാണക്കേടും. ജിങ്കാനെ ഓട്ടത്തില്‍ പിറകിലാക്കി ആദ്യ ഗോള്‍. ആ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് ആടിയുലഞ്ഞു. അതേ മാതൃകയില്‍ തന്നെ കോറോയുടെ അടുത്ത കുതിപ്പ്. ഇത്തവണയും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് മറുപടിയില്ല-ഗോള്‍. അവിടെയും തീര്‍ന്നില്ല. കോറോയുടെ അതിവേഗത്തില്‍ അടുത്ത ഗോളും പിറന്നപ്പോള്‍ നാണക്കേട് പൂര്‍ണമായി. നാല് കളികളില്‍ നിന്ന് മൂന്ന് പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സ് സമ്പാദ്യം. സസ്‌പെന്‍ഷനില്‍ സി.കെ വിനീതും പരുക്കില്‍ ഇയാന്‍ ഹ്യൂമും ഇന്നലെ കളിച്ചില്ല. കോഴിക്കോട്ടുകാരന്‍ പ്രശാന്തിന് അവസാനത്തില്‍ അവസരം കിട്ടി.
Perfect cross, perfect finish – Lanzarote, take a bow! #LetsFootball #GOAKER https://t.co/OvYov864vf @FCGoaOfficial pic.twitter.com/8uM4oDPZAe
— Indian Super League (@IndSuperLeague) December 9, 2017