അഷ്‌റഫ് തൈവളപ്പ്
കൊച്ചി: സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം അങ്കം. എതിരാളികള്‍ മഞ്ഞപ്പടയുടെ മുന്‍ അമരക്കാരന്‍ സ്റ്റീവ് കൊപ്പലിന്റെ ജംഷെഡ്പൂര്‍ എഫ്.സി. കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കിക്കോഫ്. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം ഹോം മത്സരമാണിത്. ലീഗിലെ കന്നിക്കാരായ ജംഷെഡ്പൂരിന് തുടര്‍ച്ചയായ രണ്ടാം എവേ മത്സരവും. ആദ്യ മത്സരത്തില്‍ ഗോളില്ലാ സമനിലയായിരുന്നു ഇരുടീമിന്റെയും ഫലം. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പരിക്ക് ഇനിയും ഭേദമാകാത്ത സ്റ്റാര്‍ ഡിഫന്റര്‍ വെസ് ബ്രൗണ്‍ ഇന്നും കളിക്കാന്‍ സാധ്യതയില്ല. ജംഷെഡ്പൂരില്‍ എല്ലാവരും കളിക്കാന്‍ ഫിറ്റാണെന്ന് കോച്ച് പറയുന്നു. ഇത്തത്തെ കളി ജയത്തിനുവേണ്ടി മാത്രമാകുമെന്ന് ഇരു പരിശീലകരും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷളേറെ.
നിരാശപ്പെടുത്തിയ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയോട് ഗോള്‍ വഴങ്ങിയില്ലെന്നത് മാത്രമാണ് മിടുക്ക്. മധ്യനിരയും മുന്നേറ്റവും പൂര്‍ണ പരാജയമായി. കളിനിലവാരത്തിലും ഏറെ പിന്നിലായിരുന്നു. മുന്നേറ്റത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാത താരം ദിമിതര്‍ ബെര്‍ബറ്റോവിന്റെ പ്രകടനം നിരാശപ്പെടുത്തി. മധ്യനിരയില്‍ നിന്നും വിങില്‍ നിന്നും കാര്യമായ പാസുകള്‍ ലഭിക്കാത്തതും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. ലീഗിലെ ഗോളടിയില്‍ മുന്നിലുള്ള ഇയാന്‍ ഹ്യൂമിനും തിളങ്ങാനായില്ല. ഘാനക്കാരന്‍ കറേജ് പെക്കൂസണിന്റെ പ്രകടനമാണ് മുന്നേറ്റത്തില്‍ അല്‍പ്പമെങ്കിലും ചലനമുണ്ടാക്കിയത്. മിലന്‍ സിങ്ങും സി.കെ വിനീതം നിരാശപ്പെടുത്തി. അരാത്ത ഇസുമിയെ പൊസിഷന്‍ മാറ്റി കളിപ്പിക്കാനുള്ള തീരുമാനവും പാളി. ഇസുമി ഇന്നും പ്രതിരോധവുമായി ചേര്‍ന്ന് കളിക്കുമെന്നാണ് മ്യൂളെന്‍സ്റ്റീന്‍ നല്‍കുന്ന സൂചന. പ്രതിരോധത്തിലെയും ഗോളി റെച്ചുബ്കയുടെയും മികവാണ് ഏക ആശ്വാസം. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും നെമാന്യ ലെസിച്ച് പെസിച്ചും ഒത്തിണക്കം കാട്ടി. റിനോ ആന്റോ മങ്ങിയപ്പോള്‍ ലാല്‍റുവാത്താറ തിളങ്ങി. എന്നാല്‍ നാലു മാസം നീളുന്ന ലീഗില്‍ ഒരു കളി കൊണ്ട് വിലയിരുത്തല്‍ നടത്തേണ്ടതില്ലെന്നാണ് മ്യൂളെന്‍സ്റ്റീന്റെ അഭിപ്രായം. അതിനാല്‍ തന്നെ ആദ്യ കളിയിലെ സമനില ടീമിന് പ്രധാനപ്പെട്ടതാണ്. എതിര്‍ ടീമുകളെയും അവരുടെ കളി രീതികളെയും മനസിലാക്കേണ്ടതുണ്ട്. ഒരു ടീമിനെയും അളക്കാനായിട്ടില്ല. ടീമിനുള്ളില്‍തന്നെ രണ്ടോ മൂന്നോ മത്സരങ്ങള്‍ക്ക് ശേഷമേ കളിക്കാര്‍ തമ്മിലുള്ള ഒത്തിണക്കം പൂര്‍ണമായി കിട്ടുകയുള്ളൂവെന്നും കോച്ച് പറയുന്നു.
താരസമ്പന്നമല്ലെങ്കിലും യുവനിരയാണ് ജംഷെഡ്പൂരിന്റെ കരുത്ത്. ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിച്ച സ്റ്റീവ് കൊപ്പല്‍ എന്ന തന്ത്രജ്ഞനായ പരിശീലകന്‍ കൂടെയുള്ളത് ടീമിന് കരുത്തേകുന്നു. പഴയ തട്ടകത്തില്‍ തിരിച്ചു വരാനായതിന്റെ സന്തോഷമുണ്ട് കൊപ്പലിന്റെ മുഖത്ത്. അനസും ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരങ്ങളും കളത്തിലിറങ്ങുമ്പോള്‍ ഗാലറിയില്‍ ചെറുതല്ലാത്ത പിന്തുണയും കൊപ്പല്‍ പ്രതീക്ഷിക്കുന്നു. നോര്‍ത്ത് ഈസ്റ്റിനോട് തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ഒത്തിണക്കം കാട്ടാന്‍ ടീമിനായി. എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍ വഴങ്ങാതിരിക്കുന്നതിലും മിടുക്ക് കാട്ടി. മലയാളി താരം അനസ് എടത്തൊടിക നയിക്കുന്ന പ്രതിരോധമാണ് ജംഷെഡ്പൂരിന്റെ പ്ലസ് പോയിന്റ്. നിര്‍ഭയമായി കളിക്കുന്ന കളിക്കാരനാണ് അനസെന്ന് കൊപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്. ബെര്‍ബയെ മാത്രം മുന്നില്‍ നിര്‍ത്തിയുള്ള ആക്രമണത്തിനാണ് കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചതെങ്കില്‍ പ്രതിരോധ കരുത്തുമായെത്തുന്ന ജംഷെഡ്പൂരിനെതിരെ ഈ ശൈലിയില്‍ മാറ്റം വന്നേക്കും. മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈന്‍ നയിക്കുന്ന മധ്യനിരയില്‍ ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വെസും എമേഴ്‌സണ്‍ ഡി മൗറയും സൗവിക് ചക്രബര്‍ത്തിയും ഉള്‍പ്പെടും. മുന്നേറ്റം നയിക്കുന്ന സമീഗ് ദൂതിയെന്ന ആഫ്രിക്കന്‍ താരത്തെ പ്രതിരോധിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് ഇത്തിരി വിയര്‍ക്കേണ്ടി വരും.