X
    Categories: Views

കൊച്ചി പൂരം:ആശാനും കുട്ടികളും നാളെയിറങ്ങും

ഫൈനലിലേക്ക് ആദ്യ ചുവട് വെക്കാന്‍ ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ലീഗ് സെമിയില്‍ കളിക്കുന്നത്. വൈകിട്ട് 7ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്റ്റേഴ്‌സും-നോര്‍ത്ത് ഈസ്റ്റും തമ്മിലുള്ള അവസാന ലീഗ് മത്സരത്തില്‍ കാണികളുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ഇന്നത്തെ മത്സരം. കണക്കിലെ എല്ലാ കളികളിലും ഡല്‍ഹിയേക്കാള്‍ പിറകിലാണ് ബ്ലാസ്റ്റേഴ്‌സ്. ആര്‍ത്തിരമ്പിയെത്തുന്ന കാണികളായിരിക്കും ആതിഥേയരുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും. ഇരുക്യാമ്പിലും താരങ്ങള്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല, എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരം ഹോസു നാളെ കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

കണക്കില്‍ കാര്യമില്ല

തുടരെ രണ്ടു മത്സരങ്ങളില്‍ തോറ്റ് ആദ്യ ജയത്തിനായി നാലു മത്സരം വരെ കാത്തിരിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് ആദ്യ സീസണിലേതിന് സമാനമായി വന്‍ തിരിച്ചു വരവ് നടത്തിയാണ് സെമി റൗണ്ടിലേക്ക് യോഗ്യത നേടിയത്. മുംബൈക്ക് പിന്നില്‍ 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു കേരളം പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അവസാനിപ്പിച്ചത്. തുടക്കം മുതല്‍ മിന്നുന്ന ഫോമിലാണ് ഡല്‍ഹി ഡൈനാമോസ് മൂന്നാം സ്ഥാനത്തായാണ് ലീഗ് മത്സരങ്ങള്‍ ഫിനിഷ് ചെയ്തത്. പക്ഷേ കഴിഞ്ഞതൊന്നും കണക്കില്‍ വരാത്തതിനാല്‍ ഫൈനല്‍ ഉറപ്പിക്കാന്‍ സ്വന്തം തട്ടകത്തില്‍ മികച്ച മാര്‍ജ്ജിനില്‍ ജയിച്ചേ മതിയാവൂ കേരളത്തിന്. ഹോം ഗ്രൗണ്ടില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചെണ്ണത്തിലും വിജയം നേടാനായി എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്ലസ്‌പോയിന്റ്. സീസണില്‍ മികച്ച ഹോം റെക്കോഡുള്ള ഏക ടീമും കേരളം തന്നെ.

മാഴ്‌സലീഞ്ഞോയും വിനീതും തമ്മില്‍

ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സി.കെ വിനീതും ഡല്‍ഹി ഡൈനാമോസിന്റെ ബ്രസീലിയന്‍ സ്‌െ്രെടക്കര്‍ മാഴ്‌സെലീഞ്ഞോയും തമ്മിലുള്ള പോരാട്ടമായിരിക്കും മത്സരത്തിന്റെ ഹൈലൈറ്റ്. 12 കളികളില്‍ നിന്ന് 9 ഗോളുകളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്താണ് മാഴ്‌സെലീഞ്ഞോ. വിനീതാകട്ടെ, ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളുമായി തകര്‍പ്പന്‍ ഫോമിലുമാണ്. ഗോളടിക്കാന്‍ മികവുള്ളവര്‍ ഏറെയുണ്ട്. ഡല്‍ഹി നിരയില്‍. റിച്ചാര്‍ഡ് ഗാഡ്‌സെ അഞ്ചും കീന്‍ ലൂയിസ് നാലും ഗോളുകളാണ് നേടിയിട്ടുള്ളത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും ഡൈനാമോസ് തന്നെ. അതേസമയം ഏറ്റവും കുറഞ്ഞ ഗോളുകളുടെ റെക്കോഡാണ് കേരളത്തിന്. മാര്‍ക്വി താരം ആരോണ്‍ ഹ്യൂസും ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടും നേതൃത്വം നല്‍കുന്ന പ്രതിരോധമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്.

ഡല്‍ഹി പ്രതിരോധ നിരയില്‍ മലയാളി താരം അനസ്എടത്തൊടികയുടെ സാനിധ്യം ബ്ലാസറ്റേഴ്‌സിന്റെ മുന്‍നിരക്കാര്‍ക്ക്—കടുത്ത വെല്ലുവിളിയാകും. മധ്യനിരയാണ് ബ്ലാസ്റ്റിന്റെ നേരിയ ദൗര്‍ബല്യം. അസ്‌റാക്ക് മഹ്മത് അധ്വാനിച്ചു കളിക്കുന്നുണ്ടെങ്കിലും ഇഷ്ഫാഖ് അഹമ്മദ് അവസരത്തിനൊത്തുയരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷന്‍ കാരണം കളിക്കാതിരുന്ന മെഹ്താബ് ഹുസൈന്‍ കളിക്കളത്തില്‍ തിരിച്ചെത്തുന്നത് ആതിഥേയര്‍ക്ക് ഗുണകരമാവും. ഫ്‌ളോറന്റ് മലൂദയാണ് ഡല്‍ഹിയുടെ മധ്യനിരയിലെ ഊര്‍ജ്ജം. ഒപ്പം ബ്രൂണോ പെലിസ്സാറി, മാര്‍ക്കോസ് ടെബാര്‍ തുടങ്ങിയവരും അണിനിരക്കും. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും രണ്ട് തവണ പരസ്പരം കളിച്ചു. ഒരെണ്ണം ഡല്‍ഹി ജയിച്ചപ്പോള്‍ കൊച്ചിയിലെ കളി സമനിലയില്‍ കലാശിച്ചു. ലീഗില്‍ ഇത് വരെ ബ്ലാസ്റ്റേഴ്‌സിന് ഡല്‍ഹിയെ സ്വന്തം തട്ടകത്തില്‍ വച്ച് തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ല.

chandrika: