X

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് വില്‍പന തുടങ്ങി

കൊച്ചി: ഐ.എസ്.എല്‍ ആറാം സീസണിലെ മത്സരങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ട്രൈബ്‌സ് പാസ്‌പോര്‍ട്ട് അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിക്കുക. അംഗത്വമില്ലാത്തവര്‍ക്കുള്ള സാധാരണ വില്‍പ്പനയും ഉടനുണ്ടാവും. 20ന് എ.ടി.കെയ്‌ക്കെതിരെയുള്ള ഉദ്ഘാടന മത്സരം, 24ന് മുംബൈക്കെതിരെ നടക്കുന്ന മത്സരം എന്നിവയുടെ ടിക്കറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ വില്‍പ്പനക്കുള്ളത്. കഴിഞ്ഞ സീസണില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഇത്തവണ ടിക്കറ്റ് നിരക്കുകളിലുള്ളത്. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ക്ക് മാത്രമാണ് പ്രത്യേക നിരക്ക്. 20ന് എ.ടി.കെയുമായി കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് 250 രൂപയാണ് (നോര്‍ത്ത്, സൗത്ത് ഗാലറി) ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. മറ്റു മത്സരങ്ങള്‍ക്കെല്ലാം 200 രൂപയും. 20ന് നടക്കുന്ന മത്സരത്തിന് വെസ്റ്റ്, ഈസ്റ്റ് ഗാലറി ടിക്കറ്റുകള്‍ക്ക് 300 രൂപയും ബി,ഡി ബ്ലോക്ക് ടിക്കറ്റുകള്‍ക്ക് 500 രൂപയും നല്‍കണം. 850 രൂപയാണ് എ, സി,ഇ ബ്ലോക്ക് ടിക്കറ്റ് നിരക്ക്. വി.ഐ.പി ടിക്കറ്റിന് 2000 രൂപ. കൊച്ചിയില്‍ നടക്കുന്ന മറ്റു മത്സരങ്ങള്‍ക്കെല്ലാം ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാവുമെന്നാണ് സൂചന. 250 (വെസ്റ്റ്, ഈസ്റ്റ് ഗാലറി), 400 (ബി, ഡി ബ്ലോക്ക്), 500 (എ,സി,ഇ ബ്ലോക്ക്) എന്നിങ്ങനെയായിരിക്കും ടിക്കറ്റ് നിരക്ക്. പെയ്ടിഎം ഇന്‍സൈഡര്‍ ആണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് പാര്‍ട്ണര്‍. കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി എക്‌സ്‌ക്ലൂസീവ് പെയ്ഡ് മെമ്പര്‍ഷിപ്പ് പ്രോഗ്രാമായ കെബിഎഫ്‌സി ട്രൈബ്‌സ് പാസ്‌പോര്‍ട്ട്’അവതരിപ്പിച്ചത്. അംഗത്വമുള്ളവര്‍ക്ക് ഹോം മാച്ചുകള്‍ക്ക് സ്‌റ്റേഡിയത്തില്‍ ഏറ്റവും ആദ്യം മികച്ച സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും തെരഞ്ഞെടുക്കപ്പെട്ട പരിപാടികളില്‍ പങ്കാളികളാവാനും അവസരം ലഭിക്കും. കൂടാതെ വിവിധ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ കെബിഎഫ്‌സി മെമ്പര്‍ഷിപ് കിറ്റു ലഭിക്കും. 999 രൂപയാണ് അംഗത്വ ഫീസ്.

web desk 1: