X

കരുതല്‍ നിറഞ്ഞ വിജയതുല്യമായ സമനില

ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ തളക്കുകയെന്ന നേട്ടവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും തോല്‍വിയറിഞ്ഞില്ല എന്നത് സന്തോഷകരമായ കാര്യം. പിന്‍നിരയിലെ കുന്തമുനയായ ആരോണ്‍ ഹ്യൂസ്, മധ്യനിരക്കാരന്‍ മൈക്കല്‍ റോക്കി ചോപ്ര എന്നിവര്‍ പരുക്കില്‍ തളര്‍ന്നിട്ടും ഗോള്‍വലത്തില്‍ സന്ദിപ് നന്തിയും പിന്‍നിരയില്‍ സന്ദേശ് ജിങ്കാനും മുന്‍നിരയില്‍ ബെല്‍ഫോട്ടും നടത്തിയ കരുതല്‍ നിറഞ്ഞ ഫുട്‌ബോളിനെ അഭിനന്ദിക്കണം.

ആദ്യ പകുതിയില്‍ ചെന്നൈക്കാരുടെ വേട്ടക്ക് മുന്നില്‍ തളര്‍ന്നിട്ടും പതറാതെ രണ്ടാം പകുതിയില്‍ ആക്രമണം എതിര്‍ ക്യാമ്പിലേക്ക് തിരിച്ചുവിട്ട കേരളാ സംഘത്തിന് മുന്നില്‍ ചെന്നൈക്കര്‍ക്ക് പല ഘട്ടങ്ങളിലും തുണയായത് ഭാഗ്യമായിരുന്നു. ബെല്‍ഫോട്ടും ഹോസുവും പായിച്ച ചില ഷോട്ടുകള്‍ വലയില്‍ കയറാതിരുന്നത് ചെന്നൈ ഗോള്‍ക്കീപ്പറര്‍ കരണ്‍ജിത്തിന്റെ മികവായിരുന്നില്ല-ടീമിന്റെ ഭാഗ്യമായിരുന്നു. ഡുഡുവും ഡേവിഡ് സൂചിയും ജെറിയുമെല്ലാം കുതിച്ചു വന്നപ്പോള്‍ ഹ്യൂസും ജിങ്കാനും ഹോസുവുമെല്ലാം ഭദ്രമായി കോട്ട കെട്ടി-അവര്‍ക്ക് പതറിയ ഘട്ടത്തില്‍ നന്തി രക്ഷകനായി.

രണ്ടാം പകുതിയില്‍ പക്ഷേ ഹ്യൂസ് പേശീവലിവില്‍ പിന്മാറിയപ്പോള്‍ വലത് വിംഗില്‍ പ്രതിക് ചൗധരിക്കായിരുന്നു ഡ്യൂട്ടി. ഹ്യൂസിനെ പോലെ ഒരു കരുത്തന്‍ കാവല്‍ നിന്ന ഭാഗത്ത് താരതമ്യേന പുതുമുഖമായ പ്രതീക് വന്നപ്പോള്‍ ഈ അവസരത്തെ പ്രയോജനപ്പെടുത്താനുളള മാര്‍ക്കോ മറ്റരേസി തന്ത്രങ്ങളെ പക്ഷേ ജിങ്കാനും സംഘവും അതിജയിച്ചു. ബെല്‍ഫോട്ടും മുഹമ്മദ് റഫീക്കും പതിവ് പോലെ വേഗതയില്‍ കരുത്തനായി. മുഹമ്മദ് റാഫിക്ക് പക്ഷേ നുഴഞ്ഞ് കയറ്റത്തിനായില്ല. ജയത്തിന് തുല്യമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഈ സമനില.

തേര്‍ഡ് ഐ- കമാല്‍ വരദൂര്‍

chandrika: