കൊച്ചി: ഐ.എസ്.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത്‌ക്കെതിരെ സമനില വഴങ്ങിയതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെ പ്ലേ ഓഫ് സാധ്യതകള്‍ അടയുന്നു. ബ്ലാസ്‌റ്റേഴ്‌സിന് ഇനി ലീഗില്‍ മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഇത്രയം മത്സരങ്ങളില്‍ ജയിച്ചാലും മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചാവും ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫിലേക്ക് മുന്നേറാനാവുക.
നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. 15 കളികളില്‍ നിന്നായി അഞ്ചു ജയവും ആറു സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സിന് 21 പോയന്റാണുള്ളത്. ഫെബ്രുവരു 17ന് നോര്‍ത്ത് ഈസ്റ്റിനെതിരെയും 23ന് ചെന്നൈയിനെതിരെയും മാര്‍ച്ച് ഒന്നിന് ബെംഗളൂരു എഫ് സിക്കെതിരെയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇതില്‍ കരുത്താരായ ചെന്നൈക്കെതിരെ മാത്രമാണ് ഹോം മത്സരമുള്ളത്. ബാക്കി രണ്ടും എതിരാളികളുടെ തട്ടകത്തിലാണെന്നതിനാല്‍ മത്സരം കൂടുതല്‍ കടുപ്പമേറിയതാവും.
14 കളികളില്‍ നിന്നായി 30 പോയന്റുള്ള ബംഗളൂരുവും 25 പോയന്റുള്ള പൂനെയും പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. 23 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിനാകട്ടെ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ രണ്ട് കളികള്‍ കുറവാണ് കളിച്ചത് എന്ന ആനുകൂല്യമുണ്ട്. 22 പോയന്റുമായി നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരും ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സിന് താഴെ ആറാം സ്ഥാനത്തുള്ള ഗോവ(20 പോയന്റ് )യാകട്ടെ ബ്ലാസ്‌റ്റേഴ്‌സിനെക്കോള്‍ മൂന്ന് കളികള്‍ കുറച്ചെ കളിച്ചിട്ടുള്ളൂ. 17 പോയന്റുമായി ഏഴാം സ്ഥാനത്തുള്ള മുംബൈക്ക് ഇനിയും അഞ്ച് മത്സരങ്ങള്‍ കളിക്കാനുമുണ്ട്.
ഈ സാഹചര്യത്തില്‍ പ്ലേ ഓഫിലെത്താന്‍ ശേഷിക്കുനേന എല്ലാ മത്സരങ്ങളും ജയിക്കുകയും മറ്റു ടീമുകള്‍ തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തോല്‍ക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയെല്ലാതെ മറ്റു വഴികളില്ല ബ്ലാസ്‌റ്റേഴ്‌സ് ടീമിനും ആരാധകര്‍ക്കും.
.