X

കന്നിക്കിരീടം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ഇന്ന് രാത്രി 7-30 നാണ് ആ മെഗാ പോരാട്ടം ആരംഭിക്കുന്നത്. ആരും കാണാതിരിക്കരുത്. കാണണം… സ്വന്തം മഞ്ഞപ്പട. അവര്‍ക്കെതിരെ ഹൈദരാബാദ് അതിഗംഭീരമായിരുന്നു ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ്. എടികെയോട് തോറ്റു തുടങ്ങി, ആദ്യ ജയത്തിനായി മൂന്ന് മത്സരം കാത്തിരിക്കേണ്ടി വന്നു. പിന്നീട് ബ്ലാസ്‌റ്റേഴ്‌സിന്റെ തനിനിറം കണ്ടു. പരാജയമറിയാതെ 9 മത്സരങ്ങള്‍. കോവിഡ് ബ്രേക്കിന് ശേഷം ആദ്യമത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ മഞ്ഞപ്പട കത്തിപ്പടര്‍ന്നു. ഷീല്‍ഡ് ജേതാക്കളെ തോല്‍പ്പിച്ചാണ് ഫൈനല്‍ പ്രവേശം. അവസാന അഞ്ച് കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടില്ല. സെര്‍ബിയക്കാരനായ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് മനസില്‍ കാണുന്നതെല്ലാം താരങ്ങള്‍ കളത്തില്‍ നല്‍കുന്നു. അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം അല്‍വാരോ വാസ്‌കസും ജോര്‍ജ് ഡയസുമെല്ലാം ടീമിനെ കരുത്തുറ്റതാക്കി. പുയ്ട്ടിയയും അബ്ദുള്‍ സഹല്‍ സമദും മാര്‍കോ ലെസ്‌കോവിച്ചും റുയ്വാ ഹോര്‍മിപാമുമെല്ലാം കളത്തില്‍ നിറഞ്ഞാടി.

പ്രത്യാക്രമണങ്ങളിലാണ് മഞ്ഞപ്പടയുടെ കരുത്ത്. പ്രതിരോധത്തില്‍ ലെസ്‌കോവിച്ച്-ഹോര്‍മിപാം സഖ്യത്തിലാണ് പ്രതീക്ഷകള്‍. ലൂണയ്ക്കും പുയ്ട്ടിയയ്ക്കുമായിരിക്കും പ്രതിരോധത്തെയും മുന്നേറ്റത്തെയും കണ്ണിച്ചേര്‍ക്കാനുള്ള ചുമതല. സഹല്‍ ഇറങ്ങിയില്ലെങ്കില്‍ നിഷുകുമാര്‍, ജീക്‌സണ്‍ സിങ്, കെ.പി രാഹുല്‍ എന്നിവര്‍ക്കാണ് മധ്യനിരയില്‍ മുഖ്യപരിഗണന. മുന്നേറ്റത്തില്‍ വാസ്‌കസും ഡയസും കൂടി തിളങ്ങിയാല്‍ ആദ്യമായി ഐഎസ്.എല്‍ കിരീടം കേരളത്തിലെത്തും. ലീഗ് ഘട്ടത്തില്‍ 38 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ഹൈദരാബാദ് എ.ടി.കെ മോഹന്‍ബഗാനെ തോല്‍പിച്ചാണ് ആദ്യഫൈനലിന് യോഗ്യത നേടിയത്. കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനക്കാരായിരുന്നു. എല്ലാതലത്തിലും മികച്ച ടീമാണ് ഹൈദരാബാദ്. ബര്‍തലോമിയോ ഒഗ്‌ബെച്ചെയാണ് നൈസാം പടയുടെ കുന്തമുന. സീസണില്‍ നേടിയത് 18 ഗോളുകള്‍. പ്രതിഭാധനരായ ഇന്ത്യന്‍ താരങ്ങളും ടീമിന് കരുത്താണ്. പ്രതിരോധത്തില്‍ ആകാശ് മിശ്രയും ആശിഷ് റായിയും, മധ്യനിരയില്‍ അനികേത് ജാദവും നിഖില്‍ പൂജാരിയും. ജോയോ വിക്ടറാണ് മധ്യനിരയില്‍ അവരുടെ കരുത്ത്, പ്രതിരോധത്തില്‍ യുവാനനും. മൂന്ന് ക്ലീന്‍ഷീറ്റുകള്‍ മാത്രമാണുള്ളതെങ്കിലും അവരുടെ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ സമീപകാല പ്രകടനം ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളൊഴുക്ക് തടഞ്ഞേക്കും.

Test User: